ബേപ്പൂര്‍ : തീരക്കടലില്‍ നിന്നു മീനുകള്‍ അപ്രത്യക്ഷമായതോടെ ചെറുകിട ബോട്ടുകാര്‍ക്കു നിരാശ. മണ്‍സൂണിന് പിന്നാലെയാണ് മത്സ്യലഭ്യതയും കുറഞ്ഞത്. മിക്ക ചെറുബോട്ടുകളും കടലില്‍ പോകുന്നില്ല. തീരക്കടലില്‍ അഞ്ചു നോട്ടിക്കല്‍ മൈല്‍ ദൂരത്തു മത്സ്യബന്ധനം നടത്തുന്ന ബോട്ടുകാരാണ് പ്രതിസന്ധി നേരിടുന്നത്. 30 അടി നീളമുള്ള ചെറിയ ഇടത്തരം മര ബോട്ടുകാര്‍ അന്നന്നു കടലില്‍ പോയി വരുന്നവയാണ്.

ട്രോളിങ് നിരോധനത്തിനു ശേഷം പണിക്കുപോയ ഇവര്‍ക്കു കാര്യമായി മീന്‍ കിട്ടിയില്ല. ഇതോടെ ബോട്ടുകളെല്ലാം ചീര്‍പ്പ് പാലം തീരത്തു കരയടുപ്പിച്ചിരിക്കുകയാണ്. തോണികളിലും മറ്റും മീന്‍പിടിക്കാന്‍ പോയാണ് മത്സ്യത്തൊഴിലാളികള്‍ കുടുംബം കഴിയുന്നത്. മണ്‍സൂണിനു ശേഷം ആഴക്കടലില്‍ വെള്ളത്തിനു കടുത്ത ചൂടാണ്. ഇതിനാല്‍ മത്സ്യക്കൂട്ടങ്ങള്‍ മറ്റിടങ്ങളിലേക്കു ചേക്കേറുകയാണെന്ന് പരമ്പരാഗത തൊഴിലാളികള്‍ പറയുന്നു.

വെള്ളത്തിനു തണുപ്പായാല്‍ മാത്രമേ മീനുകള്‍ കൂട്ടത്തോടെ തീരക്കടലിലേക്കു വരൂ. നൂറോളം ചെറിയ ബോട്ടുകള്‍ ബേപ്പൂരില്‍ നിന്നു മീന്‍ പിടിത്തത്തിനു പോകുന്നുണ്ട്. ഇവരില്‍ മിക്കവര്‍ക്കും പണിയില്ല. മത്സ്യലഭ്യത കുറഞ്ഞതോടെ അന്നന്നു മീന്‍ പിടിച്ചെത്തിച്ചു ഉപജീവന മാര്‍ഗ്ഗം കണ്ടെത്തി കഴിയുന്നവര്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *