കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വലിയ തോതിൽ കൃഷി ചെയ്യപ്പെടുന്ന വിദേശ ഫലവർഗമായ റംബൂട്ടാനിൽ മണ്ഡരി ബാധ വ്യാപകമാകുന്നു. ചാലക്കുടി കൂടപ്പുഴ ഭാഗത്തെ തോട്ടങ്ങളിലാണ് നിലവിൽ ഈ രോഗബാധ രൂക്ഷമായി കണ്ടെത്തിയിട്ടുള്ളത്. ഫെബ്രുവരിയിൽ പൂവിട്ട്, ഏപ്രിൽ-മേയ് മാസങ്ങളിൽ കായ്‌കൾ വലുതാകാൻ തുടങ്ങുന്ന നിർണായക ഘട്ടത്തിലാണ് റംബൂട്ടാൻ മരങ്ങളെ മണ്ഡരി ആക്രമിക്കുന്നതെന്ന് കർഷകർ പറയുന്നു.
കായ കൊഴിച്ചിൽ കാരണം ഇതിനകം തന്നെ പ്രതിസന്ധിയിലായ കർഷകർക്ക് പുതിയ മണ്ഡരി ബാധ വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ചാലക്കുടി കാർഷിക ഗവേഷണ കേന്ദ്രത്തിൽ കർഷകർ എത്തിച്ച റംബൂട്ടാൻ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് രോഗത്തിന്റെ വ്യാപ്തി പുറത്തുവന്നത്. കേരള കാർഷിക സർവകലാശാല വെള്ളാനിക്കര കീടശാസ്ത്ര വകുപ്പിലെ അകാറോളജി വിഭാഗം നടത്തിയ പഠനത്തിൽ റംബൂട്ടാൻ പഴങ്ങളെ നശിപ്പിക്കുന്നത് ‘ഏറിയോഫിഡേ’ കുടുംബത്തിൽപ്പെട്ട വിരരൂപത്തിലുള്ള മണ്ഡരികളാണെന്ന് കണ്ടെത്തി.
ഒരു ചതുരശ്ര സെന്റിമീറ്റർ ഭാഗത്ത് 450 മുതൽ 500 വരെ മണ്ഡരികൾ ഉണ്ടെന്നാണ് കണ്ടെത്തൽ. മൂപ്പെത്താത്ത കായ്കളെയാണ് ഇവ പ്രധാനമായും ലക്ഷ്യമിടുന്നത്. കായ്കളുടെ നീരൂറ്റിക്കുടിക്കുകയും തുടർന്ന് അവയെ പൂർണ്ണമായി ഉണക്കിക്കളയുകയും ചെയ്യും. തുടക്കത്തിൽ റംബൂട്ടാൻ കായ്‌കൾ സാധാരണ പോലെ പച്ചനിറത്തിൽ രൂപപ്പെടുമെങ്കിലും പകുതി വളർച്ചയെത്തുമ്പോൾ കായ്കളുടെ നിറം മാറി തവിട്ടുനിറമാകും.
ക്രമേണ കായ്‌കൾ വെയിലേറ്റ് കരിഞ്ഞതുപോലെയാകുകയും, വലുപ്പം വെക്കാതെ മുരടിച്ച് പൂർണ്ണമായി ഉണങ്ങിപ്പോകുകയും ചെയ്യും. ഒരു കുലയിലെ മുഴുവൻ കായ്കളെയും നശിപ്പിക്കുന്ന ഈ കീടങ്ങൾ, കാറ്റിലൂടെയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ അടുത്ത മരങ്ങളിലെ കായ്കളിലേക്കും വേഗത്തിൽ പടരുന്നതായാണ് റിപ്പോർട്ട്. മണ്ഡരി ബാധ പടരുന്നത് തടയാൻ കർഷകർ ഉടൻ തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് കൃഷി വകുപ്പ് നിർദേശിക്കുന്നു.
തോട്ടങ്ങളിലെ പകുതി മൂപ്പെത്തിയ കായ്‌കളിൽ എന്തെങ്കിലും തരത്തിലുള്ള നിറവ്യത്യാസമുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കുക. രോഗം ബാധിച്ച് കൊഴിഞ്ഞു വീഴുന്ന കായകൾ മരച്ചുവട്ടിൽ ഇടാതെ അപ്പപ്പോൾ നീക്കം ചെയ്ത് കമ്പോസ്റ്റ് ആക്കുകയോ കത്തിച്ചു കളയുകയോ ചെയ്യുക. ഒന്നിലധികം കുലകളിൽ നിറവ്യത്യാസം കണ്ടാൽ കീടനാശിനി പ്രയോഗം ഉറപ്പുവരുത്തണം.

