തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന നായര്‍ക്ക് ആശ്രിത നിയമനം നല്‍കാനും കാബിനറ്റ് തീരുമാനിച്ചു. മന്ത്രിസഭായോഗത്തില്‍ ഔട്ട് ഓഫ് അജണ്ടയായിട്ടാണ് വിഷയം പരിഗണിച്ചത്.
കേസ് ഏറ്റെടുക്കുന്നതില്‍ ഇനി സിബിഐയാണ് നിലപാട് സ്വീകരിക്കേണ്ടത്. നവീന്‍ബാബുവിന്റെ മരണത്തില്‍ സിപിഎം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യയാണ് ഏക പ്രതി.
നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും, അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വിഡി സതീശനെ കണ്ടിരുന്നു. അക്കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം കേസ് സിബിഐക്ക് വിടാന്‍ തീരുമാനമെടുത്തത്.

