എസ്‌ജെ സൂര്യയുടെ സിനിമാ സെറ്റിൽ ബോംബ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിനിടെ വൻ അപകടം; ഒരാൾക്ക് ദാരുണാന്ത്യം

ചെന്നൈ:  എസ് ജെ സൂര്യ, പ്രീതി അസ്രാണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അണിനിരക്കുന്ന ‘കില്ലർ’ സിനിമയുടെ സെറ്റിൽ അപകടം. ബോംബ് സ്‌ഫോടനത്തിന്റെ രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധുരവയൽ സ്വദേശി മദൻ (26) എന്ന ടെക്നീഷ്യനാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മദനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ നാല് അണിയറ പ്രവർത്തകർക്കും പരിക്കേറ്റു. ദിനകരൻ (24), സൂര്യ (23), ശക്തിവേൽ (27), രാം പാണ്ഡേ (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചെന്നൈ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലെ ബിന്നി മിൽസിൽ ഇന്നലെ പുലർച്ചെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. ദൃശ്യങ്ങൾ ചിത്രീകരിക്കാൻ വലിയൊരു സിലിൻഡറിൽ നിന്നുള്ള കാർബൺഡൈ ഓക്‌സൈഡ് വാതകം മറ്റൊരു സിലിൻഡറിലേക്ക് മാറ്റുമ്പോഴായിരുന്നു പൊട്ടിത്തെറി സംഭവിച്ചത്.

സംഭവത്തിൽ തമിഴ്നാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെറ്റിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും സ്‌ഫോടനത്തിന്റെ യഥാർത്ഥ കാരണം എന്താണെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. കൃത്യമായ അനുമതിയോടെയാണോ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചതെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *