
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ ബന്ധുക്കളായ യുവതിയെയും യുവാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ മുൻ സഹപാഠി അറസ്റ്റിൽ. തിരുവണ്ണാമലൈ സ്വദേശിയും കൂലിപ്പണിക്കാരനുമായ സഞ്ജയ് ഗാന്ധിയാണ് അറസ്റ്റിലായത്. മാലിനി, ഇവരുടെ ബന്ധുവായ രഞ്ജിത് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വർഷം നടന്ന സ്കൂൾ പൂർവ്വ വിദ്യാർഥി സംഗമത്തിൽ വെച്ചാണ് തിരുവണ്ണാമലൈ ജില്ലയിലെ ഒരേ സ്കൂളിൽ പഠിച്ചിരുന്ന സഞ്ജയ് ഗാന്ധിയും മാലിനിയും വീണ്ടും കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലായതായി പൊലീസ് സംശയിക്കുന്നു. എന്നാൽ അടുത്ത കാലത്തായി മാലിനി സഞ്ജയ് ഗാന്ധിയെ ഒഴിവാക്കാൻ തുടങ്ങിയിരുന്നു. മാലിനി മറ്റൊരാളുമായി അടുപ്പത്തിലായെന്ന സംശയത്തെത്തുടർന്നുണ്ടായ പകയാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം ഒരു ഹൗസിങ് പ്ലോട്ട് സൈറ്റിൽ ടാക്സി കാറിൽ വന്നിറങ്ങിയ ഉടനെ മാലിനിയെയും രഞ്ജിത് കുമാറിനെയും പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ‘പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമികമായി കരുതുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്,’ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അറസ്റ്റിലായ സഞ്ജയ് ഗാന്ധിയെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവങ്ങളുടെ കൃത്യമായ ക്രമവും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
