കൊച്ചി: സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി നടത്തുന്ന അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള അപ്പീല്‍ ഹൈക്കോടതി തള്ളി. സിഎംആർഎല്‍ സാമ്പത്തിക ഇടപാടുകള്‍ ഇഡിക്ക് അന്വേഷിക്കാമെന്നു ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് വിധിയില്‍ ഇടപെടാന്‍ കാരണമില്ല. പിഎംഎല്‍എ നിയമപ്രകാരമുള്ള സിവില്‍ നടപടികള്‍ക്ക് തടസമില്ല. അന്വേഷണത്തിന് കേസ് റജിസ്റ്റര്‍ ചെയ്യണമെന്നില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാവകാശവുമില്ല. രണ്ടാഴ്ച തുടര്‍നടപടി തടയണമെന്ന ആവശ്യം കോടതി തള്ളി.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന് ആയിരുന്നു വാദത്തിനിടെ ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് നേരത്തെ ഉയർത്തിയ ചോദ്യം. നിരപരാധിത്വം വ്യക്തമാക്കാന്‍ ഇഡിക്ക് മുന്നില്‍ സിഎംആര്‍എലിന് രേഖകള്‍ നല്‍കാം. കുറ്റകൃത്യമില്ലെങ്കില്‍ സിഎംആർഎലിന് ക്ലീന്‍ ചിറ്റ് ലഭിക്കുമല്ലോയെന്നും കോടതി ചോദിച്ചിരുന്നു. ഇഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവമെന്നായിരുന്നു സിഎംആര്‍എല്‍ വാദം. എഫ്‌ഐആറോ കുറ്റകൃത്യമോ ഇല്ലാതെ ഇഡി അന്വേഷണം തുടങ്ങി. അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണം എന്നുമാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ അറിയിച്ചത്.
ഹൈക്കോടതിയുടെ പരാമര്‍ശത്തിനു പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയന് ഇ.ഡി. സമന്‍സ് അയക്കുമെന്ന സൂചനകള്‍ പുറത്തു വന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ഇ.ഡി. ഉന്നതതലയോഗം കൊച്ചിയില്‍ ചേരുന്നു. സിഎംആർഎൽ– എക്സാലോജിക് കേസിൽ വീണക്കെതിരായ അന്വേഷണ നടപടികളുമായി മുന്നോട്ടുനീങ്ങാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തീരുമാനിച്ചിരുന്നു. തിരക്കുപിടിച്ചുള്ള നീക്കങ്ങൾക്കു പകരം, തെളിവുകൾ ശേഖരിച്ചും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചുമായിരിക്കും മുന്നോട്ടുപോവുകയെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമപ്രകാരമുള്ള അന്വേഷണമായതിനാൽ പ്രതിസ്ഥാനത്തുള്ളവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയെന്ന നടപടി വീണയുടെ കാര്യത്തിലുമുണ്ടാകാനാണു സാധ്യത. അതിനു മുന്നോടിയായി സമൻസ് നൽകി ചോദ്യംചെയ്യലിനു വിളിപ്പിക്കും. മറുപടി വിലയിരുത്തിയാകും തുടർനടപടി.
സേവനം നൽകാതെയാണ് സിഎംആർഎലിൽനിന്നു വീണ പണം കൈപ്പറ്റിയതെന്ന് ഇ.ഡി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സിഎംആർഎലിന്റെ ഭാഗത്തുനിന്നു നടത്തിയ കള്ളപ്പണം വെളുപ്പിക്കലാണെന്നു വിലയിരുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. സിഎംആർഎലിൽനിന്നു പണം കൈപ്പറ്റിയ മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണവും സമാന്തരമായി നടക്കുന്നു. വീണയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ റെയ്ഡിൽ ഇ.ഡി പിടിച്ചെടുത്തിരുന്നു. ഇവയുടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും സമൻസ് അയയ്ക്കുക. ഇ.ഡിയുടെ കൊച്ചി ഓഫിസിൽ വിളിച്ചുവരുത്തിയായിരിക്കും ചോദ്യംചെയ്യൽ.
പിണറായി വിജയന്റെ വീടിനു മുന്നിൽ ഇ.ഡി സംഘം ആക്രമണത്തിനിരയായ കേസിൽ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ ഇ.ഡിയുടെ നിരീക്ഷണമുണ്ടാകും. ബംഗാളിൽ മുൻപ് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിന് സിബിഐയെ നിയോഗിച്ചിരുന്നു. കേരളത്തിൽ സമാനരീതിയിലുള്ള അന്വേഷണം വേണോയെന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്തിമ തീരുമാനമെടുത്തിട്ടില്ല.
സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നു കണ്ടാൽ കേന്ദ്ര ഇടപെടലുണ്ടാകും. കേസിന്റെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് ആരായും. കേന്ദ്ര ഇന്റലിജൻസും സംസ്ഥാനത്തെ നടപടിക്രമങ്ങൾ നിരീക്ഷിക്കും. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.

