Kottiyoor Temple News | കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി ആരോപണം. ബാവലികെട്ട് എന്ന പേരിൽ ഇല്ലാത്ത ആചാരം ഉണ്ടെന്നു വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായാണ് പരാതി. ആചാരങളിൽ അവകാശം ഉന്നയിച്ച് മുസ്ലിം കുടുംബം ബാവലി പുഴയിലിറങ്ങി കല്ലിട്ടു. കർണാടക സർക്കാരിൽ ക്യാബിനറ്റ് പദവിയുള്ള ഷാഹിദ് തെക്കിലിൻ്റെ നേതൃത്വത്തിൽ മുസ്ലിം കുടുംബത്തിനു പാരമ്പര്യ അവകാശമുണ്ടെന്ന് വരുത്തി തീർക്കാൻ നീക്കം നടക്കുന്നതായും ആരോപണമുണ്ട്. സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് ദേവസ്വം ബോർഡ്.
ഈ പ്രവൃത്തിക്ക് പിന്നിൽ ദുരുദ്ദേശമുണ്ട്. കർണാടകയിൽ നിന്ന് ഭക്തർ വരുന്ന സാഹചര്യം മുതലെടുക്കാനുള്ള നീക്കമാണ് നടന്നത്. ചരിത്രകാരന്മാർ എന്ന് പറയുന്ന ആളുകളെ കൂട്ടി ഇതിന് ആധികാരികത ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കം നടന്നു. അത്യന്തം പ്രതിഷേധപരമായ പ്രവൃത്തിയാണിത്. ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം. അടുത്ത വർഷം ഈ നീക്കം ഒരു കാരണവശാലും അനുവദിക്കില്ല.
ഇത്തരം നീക്കങ്ങളിൽ നിന്ന് ഇവർ പിന്തിരിയണം. ഇല്ലെങ്കിൽ വർത്തമാന കാല ഹൈന്ദവ ശക്തി എന്താണ് എന്ന് കാണേണ്ടി വരും. ഇത്തരം നീക്കവുമായി മുന്നോട്ട് പോയാൽ സംഘടിത ഹൈന്ദവ ശക്തിയുടെ പ്രതിരോധം ഉണ്ടാകും. ഇപ്പോൾ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണം. ദേവസ്വം ബോർഡ് പരാതി കൊടുക്കാൻ തയ്യാറായില്ലെങ്കിൽ സംഘടന നിയമപരമായി നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം പറഞ്ഞ് ഇനി ആരും കൊട്ടിയൂരിലേക്ക് വരില്ലെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
ടി എം ഷാഹിദ്, എൻ ആർ മായൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണ് റിപ്പോർട്ടുകൾ. കൊട്ടിയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരപരമായ അവകാശങ്ങൾ 64 സ്ഥാനികൾക്ക് മാത്രമുള്ളതാണെന്നും, ഇവർ ഹൈന്ദവ സമുദായത്തിൽപ്പെട്ടവരാണെന്നും ദേവസ്വം ബോർഡും പാരമ്പര്യ ട്രസ്റ്റർമാരും ട്രസ്റ്റി ബോർഡ് ചെയർമാനും വ്യക്തമാക്കിയിട്ടുണ്ട്.

