മലയാള സിനിമയിലെ മിടുമിടുക്കനായ നടനായി വളര്‍ന്ന സലിം കുമാര്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട കഠിനമായ തിരസ്‌കരണത്തിന്റെയും അതിജീവനത്തിന്റെയും കഥ പലപ്പോഴും ഓര്‍ത്തെടുത്തിരുന്നു. സിനിമാ മോഹം തലയ്ക്കുപിടിച്ച കാലത്ത് പ്രശസ്ത സംവിധായകന്‍ സിബി മലയിലിന്റെ ‘നീ വരുവോളം’ എന്ന ചിത്രത്തിലേക്ക് സലിം കുമാറിന് ക്ഷണം ലഭിക്കുന്നത്.
ചിത്രത്തില്‍ കലാഭവന്‍ മണി ചെയ്യേണ്ടിയിരുന്ന സമാന്തര കോളജിലെ പ്യൂണിന്റെ വേഷമാണ് മണിയുടെ തിരക്കുകള്‍ കാരണം സലിം കുമാറിന് ലഭിക്കുന്നത്. ഏഷ്യാനെറ്റിലെ സിനിമാല, കോമിക്കോള എന്നീ പരിപാടികളിലൂടെ ശ്രദ്ധേയനായ സലീമിനെ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ പ്രേംകുമാറാണ് ഈ വേഷത്തിലേക്ക് നിര്‍ദേശിച്ചത്. കോട്ടയത്തെ ലൊക്കേഷനിലേക്ക് തിരിക്കും മുന്‍പ് അമ്മയുടെ നിര്‍ദേശപ്രകാരം ക്ഷേത്രത്തില്‍ വഴിപാട് കഴിച്ച്, ഭാവി സിനിമാതാരത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളും നെയ്താണ് അദ്ദേഹം ബസ് കയറിയത്.
ചിത്രത്തില്‍ തനിക്കുണ്ടായിരുന്ന പതിനൊന്ന് സീനുകളില്‍ ഒന്‍പതും സലിം കുമാര്‍ വളരെ ഭംഗിയായി പൂര്‍ത്തിയാക്കിയിരുന്നു. ബാക്കി രണ്ട് സീനുകള്‍ അന്തരിച്ച പ്രഗത്ഭ നടന്മാരായ ജഗതി ശ്രീകുമാറും തിലകനും എത്തിയ ശേഷമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. ജഗതിയും തിലകനും മദ്യപിക്കുന്ന രംഗത്ത് അവര്‍ക്ക് മദ്യം പകര്‍ന്നു നല്‍കുന്നതായിരുന്നു സലിം കുമാറിന്റെ വേഷം. എന്നാല്‍ ആ രംഗത്തിലെ സലിം കുമാറിന്റെ അഭിനയ ടൈമിങ് ജഗതി ശ്രീകുമാറിന് ഒട്ടും തൃപ്തികരമായി തോന്നിയില്ല. അദ്ദേഹം തന്നെ പലതവണ ‘കട്ട്’ പറയുകയും അഭിനയിച്ച് കാണിച്ചു കൊടുക്കുകയും ചെയ്തു. ജഗതിയെപ്പോലൊരു പ്രതിഭയ്‌ക്കൊപ്പം നില്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സലിം കുമാറിന് അതിന് സാധിച്ചില്ല. ഒടുവില്‍ ‘അറിയാന്‍ പാടില്ലെങ്കില്‍ ഈ പണിക്ക് വരരുത്’ എന്ന് ജഗതി അദ്ദേഹത്തെ ഉപദേശിച്ചു. തിലകന്‍, ക്യാമറാമാന്‍ ആനന്ദക്കുട്ടന്‍, സംവിധായകന്‍ സിബി മലയില്‍ എന്നിവരുടെയും ചുറ്റും കൂടിയ ജനങ്ങളുടെയും മുന്നില്‍ വെച്ചാണ് ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അന്ന് വലിയ മാനസിക വിഷമത്തോടെയാണ് സലിം കുമാര്‍ മുറിയിലേക്ക് മടങ്ങിയത്.
തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് പ്രൊഡക്ഷന്‍ മാനേജര്‍ പ്രഭാകരന്‍ ഭക്ഷണവുമായി മുറിയിലെത്തി. ആഹാരം കഴിച്ച ശേഷം അദ്ദേഹത്തോടൊപ്പം കോട്ടയം റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. ടിക്കറ്റ് എടുത്തിട്ട് വരാമെന്ന് പറഞ്ഞ് പോയ പ്രഭാകരന്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തനിക്കിനി സിനിമയില്‍ അവസരമില്ലെന്നും തന്നെ ഒഴിവാക്കിയതാണെന്നും സലിം കുമാറിന് പതുക്കെ മനസ്സിലായി. കൈയില്‍ ഒരു നയാപൈസ പോലുമില്ലാതെ എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ നോക്കി നില്‍ക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. ഒടുവില്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പരിചയപ്പെട്ട സണ്ണി എന്ന പ്രവാസി മലയാളിയോട് പേഴ്‌സ് പോക്കറ്റടിച്ചു പോയെന്ന നുണ പറഞ്ഞ് 20 രൂപ കടം വാങ്ങിയാണ് സലിം കുമാര്‍ നാട്ടിലേക്ക് വണ്ടി കയറിയത്. സലീമിന്റെ ടെലിവിഷന്‍ പരിപാടികള്‍ കണ്ട് പരിചയമുണ്ടായിരുന്ന സണ്ണി ആ പണം തിരികെ നല്‍കരുതെന്നും അതൊരു സൗഹൃദത്തിന്റെ തുടക്കമാകട്ടെയെന്നും ആശംസിച്ചാണ് തുക കൈമാറിയത്.
ആഴ്ചകള്‍ക്ക് ശേഷം എറണാകുളത്ത് ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് പി.ആര്‍.ഒ വാഴൂര്‍ ജോസ് പറഞ്ഞാണ് തന്നെ ചിത്രത്തില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കിയ വിവരം സലിം കുമാര്‍ അറിയുന്നത്. ‘നീ വരുവോളം’ എന്ന സിനിമയിലെ നായകനും തന്റെ അടുത്ത സുഹൃത്തുമായ ദിലീപ് പോലും ഈ വിവരം തന്നില്‍ നിന്ന് മറച്ചുവെച്ചതില്‍ അദ്ദേഹത്തിന് വലിയ വിഷമമുണ്ടായി. സിനിമ തന്റെ ചോറല്ലെന്നും ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും മനസ്സിനെ പരുവപ്പെടുത്തിയ ഒരു ഭൂതകാലമായിരുന്നു അത്. എന്നാല്‍ പിന്നീട് പ്രതിഭയും കഠിനാധ്വാനവും കൊണ്ട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറാനും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കാനും സലിം കുമാറിന് സാധിച്ചു എന്നത് ചരിത്രം.

സലിം കുമാര്‍ അന്നെഴുതിയ കുറിപ്പിങ്ങനെ:
”സിനിമയാണ് എന്റെ ചോറ്. അതുണ്ണാതെ ഞാന്‍ പോകില്ല.”കമല്‍ സംവിധാനം ചെയ്ത പച്ചക്കുതിര എന്ന സിനിമയില്‍ എന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ആണിത്. എന്നാല്‍ സിനിമ എന്റെ ചോറല്ല എന്നും സിനിമാഭിനയം എന്ന തൊഴില്‍ ചെയ്തു ജീവിക്കാന്‍ എനിക്കു വിധി ഇല്ല എന്നും ഉപജീവനത്തിനായി മറ്റെന്തെങ്കിലും തൊഴില്‍ തേടണമെന്നും മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയ ഒരു കാലം…ആ കാലത്തിലേക്കു നമുക്ക് ടക്കനെന്നു പോയിട്ട് ഉച്ചയൂണിനു മുന്‍പു തിരിച്ചെത്താം.
”ഇവിടെ അടുത്താ ആ സ്ഥലം… കോട്ടയം.” ഒരു ദിവസം ചിറ്റാറ്റുകര മരണാനന്തര സംഘത്തില്‍ എനിക്കൊരു ഫോണ്‍ വന്നു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സിദ്ദു പനയ്ക്കല്‍. സിബി മലയിലിന്റെ നീ വരുവോളം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് വിളിക്കുന്നതെന്നും ആ സിനിമയില്‍ എനിക്ക് ഒരു വേഷം ഉണ്ടെന്നും നാളെത്തന്നെ കോട്ടയത്ത് എത്തണമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ മനസ്സ് സന്തോഷംകൊണ്ടു തുള്ളിച്ചാടി. വരാംചേട്ടാ എന്ന മറുപടിയും പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു. തിരിച്ചു വീട്ടിലെത്തിയത് നടന്നാണോ, ഓടിയാണോ, നീന്തിയാണോ എന്നു ചോദിച്ചാല്‍ ഇപ്പോഴും ഒരു പിടിയും കിട്ടുന്നില്ല. അപ്പോള്‍തന്നെ എന്റെ സുഹൃത്തുക്കളുമായി ഈ വിവരം ഞാന്‍ പങ്കുവച്ചു. അവരെല്ലാവരും പറഞ്ഞു: ‘നീ രക്ഷപ്പെട്ടെടാ…’ എന്നിട്ട് അവര്‍ അവരുടെ സുഹൃത്തുക്കളോടു വിളിച്ചു പറഞ്ഞു: ”അറിഞ്ഞോ സലീമിനെ സിബി മലയിലിന്റെ സിനിമയിലെടുത്തു.” വീട്ടിലെത്തി വിവരം അമ്മയോടും ഭാര്യയോടും പറഞ്ഞപ്പോള്‍ അവര്‍ക്കും വലിയ സന്തോഷമായി. ”കളരിക്കല്‍ അമ്പലത്തില്‍ പോയി ദേവിയെ പ്രാര്‍ഥിച്ചിട്ടേ നാളെ കോട്ടയത്തേക്കു പോകാവൂ” എന്ന നിര്‍ദേശവും അമ്മ മുന്നോട്ടുവച്ചു.
പിറ്റേന്നു രാവിലെ അമ്മ പറഞ്ഞ പ്രകാരം കളരിക്കല്‍ അമ്പലത്തില്‍ വഴിപാട് കഴിച്ച് ഞാന്‍ കോട്ടയത്തേക്കുള്ള വണ്ടിയുടെ സൈഡ് സീറ്റില്‍ സ്ഥാനംപിടിച്ചു. ആ ബസിലെ സൈഡ് സീറ്റില്‍ ഇരുന്ന് നാളത്തെ സിനിമാതാരം സലിംകുമാറിനെക്കുറിച്ച് ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടി. നെയ്തു വന്ന സ്വപ്നങ്ങള്‍ കൂടിക്കൂടി വന്നപ്പോള്‍ അവ മനസ്സില്‍ ചേന്ദമംഗലം കൈത്തറിയിലും ബാലരാമപുരം കൈത്തറിയിലും ബാക്കിയുള്ളത് കാഞ്ചിപുരം കൈത്തറിയിലേക്കും കയറ്റി അയച്ചു. അങ്ങനെ നെയ്ത്തും കയറ്റി അയയ്ക്കലും നടന്നുകൊണ്ടിരിക്കുന്നതിന്റെ ഇടവേളകളില്‍ എവിടെയോ വച്ച് വണ്ടി കോട്ടയത്തെത്തി. കോട്ടയം എന്നെ അക്ഷരങ്ങള്‍കൊണ്ട് കൂട്ടി വായിക്കാന്‍ പഠിപ്പിച്ച മുട്ടത്തു വര്‍ക്കിയുടെയും കോട്ടയം പുഷ്പനാഥിന്റെയും സുധാകര്‍ മംഗളോദയത്തിന്റെയും കമല ഗോവിന്ദിന്റെയും ജോസി വാഗമറ്റത്തിന്റെയും ജോയ്‌സിയുടെയും നാട്. ഒരുകാലത്ത് എന്റെ വേദപുസ്തകങ്ങള്‍ ആയിരുന്ന മനോരമയുടെയും മംഗളത്തിന്റെയും മനോരാജ്യത്തിന്റെയും പൗരധ്വനിയുടെയും നാട്. അക്ഷരങ്ങളിലൂടെ ചരിത്രമെഴുതിയ ആ നാട്ടില്‍ ഞാന്‍ ചെന്നെത്തിയത് എന്റെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും വലിയ ദുരന്തങ്ങള്‍ക്കൊന്നിനു പിറവി നല്‍കാനാണെന്ന് പിന്നെയും ഒരുപാടു നാളുകള്‍ വേണ്ടിവന്നു എനിക്കു മനസ്സിലാക്കാന്‍. പിറ്റേന്നു രാവിലെ ഞാന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തി.
കലാഭവന്‍ മണിക്കു വച്ചിരുന്ന പാരലല്‍ കോളജിലെ പ്യൂണിന്റെ വേഷമായിരുന്നു അത്. പക്ഷേ, സിനിമാതിരക്കുമൂലം മണിക്ക് അവിടെ എത്താന്‍ കഴിയാത്തതുകൊണ്ട് ആ വേഷം ചെയ്യാന്‍ പകരക്കാരനെ തിരയുന്ന സമയം. ഏഷ്യാനെറ്റിലെ സിനിമാലയുടെയും കോമിക്കോളയുടെയും അവതാരകനായ എന്നെ അതിലേക്കു നിര്‍ദേശിച്ചത് ചിത്രത്തിന്റെ പ്രൊഡ്യൂസറായ കറിയാച്ചന്‍ ചേട്ടന്‍ (പ്രേംകുമാര്‍) ആയിരുന്നു. പതിനൊന്നു സീനുകളാണ് എനിക്ക് ആ ചിത്രത്തില്‍ ഉണ്ടായിരുന്നത്. അതില്‍ ഒന്‍പതു സീനുകളുടെ ചിത്രീകരണം വളരെ ഭംഗിയായി കഴിഞ്ഞു. ഇനിയുള്ള രണ്ടു സീനുകള്‍ ഷൂട്ട് ചെയ്യാന്‍ ജഗതി ശ്രീകുമാറും തിലകനും എത്തണം. അതുവരെ എനിക്കു വിശ്രമമാണ്. രണ്ടുദിവസത്തെ വിശ്രമത്തിനു ശേഷം ഞാന്‍ വീണ്ടും കോട്ടയത്തെത്തി. ജഗതിച്ചേട്ടനും തിലകന്‍ ചേട്ടനും അല്‍പം മദ്യപിച്ചുകൊണ്ടു സംസാരിക്കുന്ന സീനാണ്. ഞാന്‍ അവര്‍ക്കു മദ്യം ഗ്ലാസുകളില്‍ പകര്‍ന്നു കൊടുക്കുന്നു. സിനിമകളില്‍ മദ്യപിക്കുന്ന സീനുകള്‍ എടുക്കുന്ന സമയത്ത് നടന്മാര്‍ ശരിക്കും മദ്യപിക്കുമെന്ന് അവിടെ തളംകെട്ടി നിന്ന ഗന്ധം എനിക്കു മനസ്സിലാക്കിത്തന്നു.
പക്ഷേ, എന്റെ അഭിനയം ജഗതി ശ്രീകുമാറിന് ഒട്ടുംതന്നെ ബോധിച്ചില്ല. അദ്ദേഹം എന്നോടു പറഞ്ഞു: ”അനിയാ, ടൈമിങ് ശരിയല്ല… കൃത്യമായി ചെയ്യൂ.” ഞാന്‍ വീണ്ടും പരിശ്രമിച്ചുകൊണ്ടേയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ സംവിധായകനു പകരം ജഗതിച്ചേട്ടന്‍ തന്നെ കട്ട് പറയാന്‍ തുടങ്ങി. അദ്ദേഹം ഞാന്‍ ചെയ്യേണ്ട ഭാഗം എന്നെ അഭിനയിച്ചു കാണിച്ചു തന്നു. അദ്ദേഹത്തെപ്പോലെ പ്രഗത്ഭനായ ഒരു നടന്‍ ചെയ്യുന്നതുപോലെ എന്നെപ്പോലൊരാള്‍ക്കു ചെയ്തു പ്രതിഫലിപ്പിക്കാന്‍ പറ്റില്ല എന്നറിഞ്ഞിട്ടും ഞാനതിനു ശ്രമിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. ‘അറിയാന്‍ പാടില്ലെങ്കില്‍ ഈ പണിക്കു വരരുതെന്ന്’ അദ്ദേഹം എന്നെ ഉപദേശിച്ചു. ഇതിനെല്ലാം മൂകസാക്ഷിയെന്നോണം എന്റെ തൊട്ടു മുന്‍പിലായി മലയാളത്തിന്റെ നടന പെരുന്തച്ചനായ തിലകന്‍ ചേട്ടന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമകള്‍ക്കു വേണ്ടി ക്യാമറ കൈകാര്യം ചെയ്ത ആനന്ദക്കുട്ടന്‍ ക്യാമറയുടെ വ്യൂ ഫൈന്‍ഡറിലൂടെയും തൊട്ടടുത്ത് സംവിധായകന്‍ സിബി മലയില്‍ നേരിട്ടും ഈ രംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നു. ചുറ്റിലും ഷൂട്ടിങ് കാണാന്‍ തടിച്ചുകൂടിയ ആളുകള്‍. അവരുടെ എല്ലാവരുടെയും മുഖങ്ങളില്‍ എന്നെ നോക്കിയുള്ള ചിരി എനിക്കു കാണാമായിരുന്നു.
റോമിലെ കൊളോസിയത്തിന്റെ നടുമുറ്റത്ത് ദിവസങ്ങളായി പട്ടിണിക്കിട്ട സിംഹം അടിമയെ കടിച്ചുകീറി തിന്നുന്നതുമായി ഇതിന് അല്‍പം സാമ്യമില്ലേയെന്ന് എനിക്കപ്പോള്‍ തോന്നി. ഞാനും അവരെ നോക്കി ഒന്നു ചിരിച്ചു. മനസ്സില്ലാമനസ്സോടെയാവാം, അന്നത്തെ ഷൂട്ടിങ്ങിനു സംവിധായകന്‍ പാക്ക് അപ്പ് പറഞ്ഞു. പിറ്റേന്ന് ഉച്ചയ്ക്ക് പ്രൊഡക്ഷന്‍ മാനേജര്‍ പ്രഭാകരന്‍ ഒരു പ്രൊഡക്ഷന്‍ ബോയിക്കൊപ്പം എനിക്കുള്ള ഭക്ഷണവുമായി ഹോട്ടല്‍ മുറിയിലെത്തി. പ്രൊഡക്ഷന്‍ ബോയ് കൊണ്ടുവന്ന ആ ആഹാരം ഞാന്‍ കഴിച്ചു തുടങ്ങി. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട പ്രതിക്കു വിധി നടപ്പിലാക്കുന്നതിനു മുന്‍പു കൊടുക്കുന്ന ആഹാരം പോലെ സിനിമയില്‍ നിന്നുള്ള അവസാനത്തെ ചോറാണ് ഇവന്‍ ഉണ്ണുന്നതെന്നു പ്രഭാകരന്‍ ഒരുപക്ഷേ മനസ്സിലെങ്കിലും ചിന്തിച്ചിരിക്കണം. ആഹാരം കഴിച്ചു കഴിഞ്ഞ് എന്നെയും കൂട്ടി പ്രഭാകരന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തി. ടിക്കറ്റ് എടുത്തിട്ടു വരാം എന്നുപറഞ്ഞ് അദ്ദേഹം അവിടെനിന്നു പോയി. ഞാന്‍ പ്രഭാകരനെയും കാത്ത് അവിടെ നില്‍പായി. പക്ഷേ, ഇപ്പോള്‍ വരാമെന്നു പറഞ്ഞുപോയ അദ്ദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. എന്റെ കയ്യിലാണെങ്കില്‍ നയാപൈസയുമില്ല. എറണാകുളം ഭാഗത്തേക്കുള്ള ഒരുപാടു ട്രെയിനുകള്‍ എന്നെ ഒന്ന് ഗൗനിക്കുകപോലും ചെയ്യാതെ അതുവഴി കടന്നുപോയി. ഈ നില്‍പ് എത്രനേരം എന്നത് ഒരു ചോദ്യചിഹ്നമായി എന്റെ മുന്നില്‍ നിന്നു.
റയില്‍വേ സ്റ്റേഷനിലെ കോഫി ഹൗസിനു മുന്നില്‍നിന്ന ഒരാള്‍ എന്നെ കുറച്ചു നേരമായി ശ്രദ്ധിക്കുന്നതു കണ്ട് ഞാന്‍ അദ്ദേഹത്തെ നോക്കി ഒന്നു ചിരിച്ചു. അദ്ദേഹവും ചിരിച്ചു. ഞാന്‍ മെല്ലെ അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്നു. അദ്ദേഹം ഒരു വിദേശമലയാളി ആണെന്നും സണ്ണി എന്നാണ് പേരെന്നും അമ്മയുടെ മരണകര്‍മത്തിന് എത്തിയതാണെന്നും അറിയാന്‍ കഴിഞ്ഞു. നടന്ന സംഭവങ്ങള്‍ ഞാന്‍ അദ്ദേഹത്തില്‍നിന്നും മറച്ചുവച്ചു. അതിനു പകരമായി ഒരു നുണ പറഞ്ഞു. ”പഴ്‌സ് പോക്കറ്റടിച്ചു പോയി. വീട്ടില്‍ പോകാന്‍ പണമില്ല. വണ്ടിക്കൂലിക്കായി ഒരു 20 രൂപ തരണം. അച്ചായന്റെ അഡ്രസ്സ് തന്നാല്‍ വീട്ടിലെത്തിയ ഉടന്‍ മണിയോര്‍ഡറായി അയച്ചുതരാം.” ”തന്റെ ഒരുപാടു പരിപാടികള്‍ ഞാന്‍ ഏഷ്യാനെറ്റില്‍ കണ്ടിട്ടുണ്ട്. ഒറ്റനോട്ടത്തില്‍തന്നെ എനിക്ക് ആളെ മനസ്സിലായി. എന്നാലും ഒന്ന് ഉറപ്പിച്ചിട്ടു പോകാമെന്നു കരുതി ഇവിടെത്തന്നെ നിന്നതാണ്.” ഇത്രയും പറഞ്ഞ് പഴ്‌സില്‍നിന്നു പണം എടുത്തുതന്നിട്ട് അദ്ദേഹം തുടര്‍ന്നു: ”ഇത് ഒരു നല്ല സൗഹൃദത്തിന്റെ തുടക്കമാകണം. പൈസ തിരിച്ചു തന്ന് അത് ഇല്ലാതാക്കരുത്.” അദ്ദേഹത്തോടു നന്ദി പറഞ്ഞു ഞാന്‍ എറണാകുളത്തേക്കുള്ള ട്രെയിനില്‍ കയറി. ഒന്നുരണ്ട് ആഴ്ചകള്‍ക്കു ശേഷം എറണാകുളത്തു ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് പിആര്‍ഒ വാഴൂര്‍ ജോസ് പറഞ്ഞാണ് എന്നെ സിബി മലയിലിന്റെ ചിത്രത്തില്‍നിന്നു മാറ്റിയെന്നറിഞ്ഞത്. നീ വരുവോളം സിനിമയിലെ നായകനും അതിലുപരി എന്റെ സുഹൃത്തുമായ ദിലീപ് പോലും ആ സിനിമയില്‍നിന്ന് എന്നെ മാറ്റിയ വിവരം പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് മനസ്സു വല്ലാതെ വേദനിച്ചു. കാലങ്ങള്‍ പിന്നെയും കഴിഞ്ഞു. പല നിറത്തില്‍ പല ഭാവത്തില്‍ പല രൂപത്തില്‍ പറവൂര്‍ പാലത്തിനടിയിലൂടെ ഒരുപാടു വെള്ളം ഒലിച്ചുപോയി.

