ചെന്നൈ: കഴിഞ്ഞ ദിവസമാണ് തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ നിന്നുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇപ്പോഴിതാ പ്രഖ്യാപനം വന്ന് വെറും 24 മണിക്കൂറിനുള്ളിൽ 14 ലക്ഷത്തിനടുത്ത് ആളുകളാണ് അണ്ണാമലൈയുടെ പുതിയ പ്രസ്ഥാനത്തിൽ അണിചേർന്നത്. വി ദി ലീഡേഴ്സ് എന്നാണ് പാർട്ടിയുടെ പേര്. 13,85,763 സജീവ അംഗങ്ങൾ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
തങ്ങളുടെ പ്രസ്ഥാനത്തിന്റെ ജീവരക്തമെന്നാണ് സ്വമേധയാ മുന്നോട്ട് വരുന്ന വോളന്റിയർമാരോട് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന സന്ദേശം. അവർ പൊതുസമൂഹത്തെ ശാക്തീകരിക്കുകയും നേതൃത്വപാടവം വളർത്തുകയും യഥാർത്ഥ മാറ്റം കൊണ്ടുവരികയും ചെയ്യും. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, യുവജന നേതൃത്വം ഇതിൽ നിങ്ങളുടെ താല്പര്യം എവിടെയാണോ അവിടെ അവസരങ്ങൾ കണ്ടെത്തണമെന്നും മെച്ചപ്പെട്ടൊരു നാളെയ്ക്കായി ഞങ്ങളോടൊപ്പം പങ്കാളികളാകണമെന്നും വി ദി ലീഡേഴ്സിലെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.
ആഴ്ചകളായി നിലനിന്നിരുന്ന അസ്വാരസ്യങ്ങൾക്കൊടുവിലായിരുന്നു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈ ബിജെപിയിൽ നിന്നും രാജിവച്ചത്. വെള്ളിയാഴ്ച സമർപ്പിച്ച രാജി ബിജെപി നേതാവ് നിതിൻ നബിൻ അംഗീകരിക്കുകയും ചെയ്തു. തന്റെ രാജിക്ക് പിന്നിലെ കാരണം വ്യക്തമാക്കിക്കൊണ്ട് അണ്ണാമലൈ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. 2020ലാണ് സിവിൽ സർവീസ് ഉപേക്ഷിച്ച് അണ്ണാമലൈ ബിജെപിയിൽ ചേരുന്നത്. പാർട്ടിയിൽ ചേർന്ന് ആഴ്ചകൾക്കകം സംസ്ഥാന വൈസ് പ്രസിഡന്റായും, ഒരു വർഷത്തിനുള്ളിൽ 37-ാം വയസിൽ തമിഴ്നാട് ബിജെപി അദ്ധ്യക്ഷനായും അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
തന്റെ പൊതുജീവിതത്തിന്റെയും രാഷ്ട്രീയ യാത്രയുടെയും അടുത്ത ഘട്ടമെന്നാണ് പുതിയ നീക്കത്തെ അണ്ണാമലൈ വിശേഷിപ്പിച്ചത്. യുവാക്കളും സാധാരണക്കാരായ പൗരന്മാരും തനിക്കൊപ്പം അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് പകരമായി സാധാരണക്കാരാൽ നയിക്കപ്പെടുന്ന ഒരു രാഷ്ട്രീയ ശൈലി പ്രാവർത്തികമാക്കുമെന്നും, ഭാവിയിൽ നിരവധി പുതിയ നേതാക്കളെ വാർത്തെടുക്കാൻ പ്രസ്ഥാനം പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

