പിസ ഡെലിവറിക്കെന്ന പേരിൽ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു, ഇന്ത്യക്കാരന് അമേരിക്കയിൽ ദാരുണാന്ത്യം

ഫിലാഡെൽഫിയ: പിസാ ഡെലിവറി ജോലി നോക്കിയിരുന്ന ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു. തെലങ്കാന സ്വദേശിയായ അൻശൂൽ കുഞ്ച (28) ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഫിലാഡെൽഫിയയിലെ ഒരു ലൊക്കേഷനിൽ പിസാ ഡെലിവറിക്ക് ചെന്നപ്പോഴായിരുന്നു സംഭവം. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലിനോക്കിയിരുന്നു അൻശൂൽ പാ‌ർട്ട് ടൈമായി പിസാ ഡെലിവറി ജോലിയും ചെയ്‌തിരുന്നു. ഇതിനിടെയാണ് ശനിയാഴ്‌ച സംഭവമുണ്ടായത്. പിസയുമായി സ്ഥലത്തെത്തിയപ്പോൾ ഒരാൾ തോക്കുമായെത്തി അൻശൂലിന്റെ തലയ്‌ക്ക് വെടിവയ്‌‌ക്കുകയായിരുന്നു. രണ്ടുപേർ ഈ സമയം ഇവിടെയുണ്ടായിരുന്നതായാണ് വിവരം. വെടിവച്ച ശേഷം ഇവർ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

ഇത് അൻശൂലിനെ കൊല്ലാനായുള്ള കെണിയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. അൻശൂലിന്റെ പക്കൽനിന്നും പണമോ മറ്റ് വസ്‌തുക്കളോ മോഷണം പോയിട്ടില്ല ഇത് മനഃപൂർവം വകവരുത്താനുള്ള ശ്രമമാണെന്ന് കുടുംബം സംശയിക്കാൻ കാരണമായി. ‘പിസ ഒരു ആളൊഴിഞ്ഞ സ്ഥലത്ത് ഡെലിവറി ചെയ്യാൻ പറഞ്ഞു. പക്ഷെ അവിടെചെന്നപ്പോൾ ആരും അവിടെയുണ്ടായിരുന്നില്ല. ഇത് അൻശൂലിനെ കൊല്ലാനുള്ള കെണിതന്നെയായിരുന്നു.’- അൻശൂലിന്റെ സഹോദരി തന്വി പറഞ്ഞു. എന്നാൽ കൊലചെയ്‌തവരുടെ ലക്ഷ്യം എന്തെന്ന് അറിയില്ലെന്ന് കുടുംബം വ്യക്തമാക്കി. അൻശൂലിന്റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കണം എന്ന് അവർ അഭ്യർത്ഥിച്ചു.

നാല് വർഷത്തോളമായി അമേരിക്കയിൽ ജോലിനോക്കുന്നയാളാണ് അൻശൂൽ. മൃതദേഹം തിങ്കളാഴ്‌ച ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ആരോടും പ്രത്യേകിച്ച് ശത്രുത യുവാവിന് ഉണ്ടായിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിവരം അറിഞ്ഞിട്ടുണ്ട്. ‘അൻശുൽ കുഞ്ചയുടെ ഈ സമയത്തെ വേർപാട് വല്ലാതെ വേദനിപ്പിക്കുന്നു. കുടുംബത്തിന് ഞങ്ങൾ അനുശോചനം അറിയിക്കുന്നു. അൻശുലിന്റെ കുടുംബവുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്.’ അവർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *