ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. സിബി മാത്യൂസ് അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. മൂന്നുവര്‍ഷമായി സുപ്രീംകോടതിയിലുള്ള കേസിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്.

നമ്പി നാരായണന്റെ മുഖ്യവാദം തന്നെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാണ് വേണ്ടതെന്നായിരുന്നു. നഷ്ടപരിഹാര തുക ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരായ മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിരില്‍ നിന്നാണ് നമ്പി നാരായണന് നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ ഉത്തരവ് അംഗീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്‍ മാലി സ്വദേശിയായ മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതായിരുന്നു ചാരക്കേസ്. തെളിവുകളുടെ അഭാവത്തില്‍ 2012ല്‍ നമ്പി നാരായണനെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. പത്തു ലക്ഷം രൂപയുടെ നഷ്ടപരിഹാരവും വിധിച്ചിരുന്നു. കേസ് അന്വേഷിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.

സുപ്രീംകോടതി വിധിയിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതിലും സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. സിമിതിക്ക് പകരം സിബിഐ അന്വേഷണമായിരുന്നു താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *