7-1ന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി ജർമനി; നെതർലൻഡ്‌സിനെതിരേ സമനില പൊരുതിനേടി ജപ്പാനും

ഹൂസ്റ്റൺ/ ഡാലസ്: ഫിഫ വേൾഡ്കപ്പിൽ ഇന്ന് നടന്ന ആവേശകരമായ മത്സരങ്ങളിലൊന്നിൽ, ലോകകപ്പിലെ കന്നിക്കാരായ കുഞ്ഞൻ രാജ്യം ക്യുറോസാവോയ്ക്ക് എതിരേ 7-1ന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി ജർമനി. മറ്റൊരു മത്സരത്തിൽ നെതർലൻഡ്‌സിനെതിരേ സമനില പൊരുതിനേടി ജപ്പാനും ലോകകപ്പിലെ തങ്ങളുടെ ആദ്യ കളി ഗംഭീരമാക്കി. ഗ്രൂപ്പ് ഇ- ലെ ആദ്യ മത്സരത്തിൽ ക്യുറോസാവോയ്ക്കെതിരേ വമ്പൻ വിജയമാണ് ജർമനി നേടിയത്, ഒരു കരുത്തൻ ടീമിന് എതിരേയായിരുന്നു മത്സരമെങ്കിലും ലോകകപ്പിൽ തങ്ങളുടെ കന്നി ഗോൾ ​നേടാൻ കഴിഞ്ഞത് ജയത്തോളം പോന്ന സന്തോഷകരമായ നേട്ടമായാണ് ക്യുറോസാവോ വിലയിരുത്തുന്നത്. മത്സരത്തിൽ ജർമനി ഒരു ഗോളിന് മുന്നിൽ നിൽക്കെ, ആദ്യമായി ലോകകപ്പ് ക്യുറോസാവോ 20–ാം മിനിറ്റിൽ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ ഗോളടിച്ച് ചരിത്രം സൃഷ്ടിച്ചു. പിന്നീടങ്ങോട്ട് ജർമ്മനിയുടെ സമ്പൂർണ്ണ ആധിപത്യമായിരുന്നുവെങ്കിലും ക്യുറോസാവോയ്ക്ക് സന്തോഷിക്കാൻ ആ ഒരു​ ഗോൾ ധാരാളമായിരുന്നു.

ചരിത്ര നേട്ടത്തോടെ ജർമ്മനിയുടെ തുടക്കം

ലോകകപ്പിൽ ആദ്യമായി കളിക്കാൻ ഇറങ്ങുന്ന ക്യൂറസാവോ എന്ന കുഞ്ഞൻ രാജ്യത്തിന്റെ ടീം ഫുട്ബോളിലെ അ‌തികായരിലൊന്നായ ജർമ്മനിക്ക് ഒരു ഇരയേ അ‌ല്ല എന്നതിനാൽത്തന്നെ ഏകപക്ഷീയമായ വിജയം ഏറെക്കുറെ എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്നാൽ തുടക്കത്തിൽ ഒരു ഗോളിന് മുന്നിൽ നിന്ന ജർമ്മനിക്ക് 20–ാം മിനിറ്റിൽ ലിവാനോ കോമനെൻസിയിലൂടെ ക്യൂറസാവോ മറുപടി നൽകിയപ്പോൾ സ്കോർ 1-1 എന്ന നിലയിലെത്തി. തങ്ങളുടെ രാജ്യത്തിന്റെ ലോകകപ്പിലെ ആദ്യ ഗോൾ കുറിക്കാനുള്ള ചരിത്ര നിയോഗമാണ് ലിവാനോ അ‌വിടെ പൂർത്തിയാക്കിയ​ത്.

എന്നാൽ ആദ്യ ഗോൾ നേടിയതിന്റെ സന്തോഷം തീരും മുമ്പേ ക്യൂറസാവോയ്ക്ക് 38–ാം മിനിറ്റിൽ നിക്കോ ഷ്ളോട്ടർബെക്കിലൂടെ ജർമ്മനിയുടെ മറുപടിയെത്തി. തുടർന്നങ്ങോട്ട് ഒന്നിന് പിറകെ ഒന്നായി ജർമ്മനിയുടെ താരങ്ങൾ മാറി മാറി ക്യൂറസാവോ പോസ്റ്റിലേക്ക് ഗോളുകളുതിർത്തുകൊണ്ടിരുന്നു. ഒടുവിൽ 7-1 എന്ന മാർജിനിൽ കളി അ‌വസാനിക്കുമ്പോഴേക്കും ജർമ്മനി വിജയം മാത്രമല്ല, ചില റെക്കോഡുകളും സ്വന്തം പേരിൽ കുറിച്ചിരുന്നു.

ക്യൂറാസാവോയ്ക്ക് എതിരേ നേടിയ വമ്പൻ ജയത്തിന് പിന്നാലെ, ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീം എന്ന റെക്കോഡ് ജർമനി സ്വന്തം പേരിലാക്കിയിരുന്നു. 238 ഗോളുകളുമായി മുന്നിലുണ്ടായിരുന്ന ബ്രസീലിനെ മറികടന്ന് 239 ഗോളുകളുമായാണ് ജർമനിയുടെ ചരിത്ര നേട്ടം. അർജന്റീന (152), ഫ്രാൻസ് (136), ഇറ്റലി (128) എന്നിവരാണ് ലോകകപ്പ് ഗോൾവേട്ടയിൽ യഥാക്രമം മൂന്ന്, നാല്, അ‌ഞ്ച് സ്ഥാനങ്ങളിലുള്ളത്.

തോൽക്കാതെ രക്ഷപ്പെട്ട ജപ്പാൻ വീര്യം

ലോകകപ്പിൽ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ നെതർലൻഡ്സും- ജപ്പാനും ഇരുഗോളുകൾ വീതം നേടി സമനിലയിൽ പിരിച്ചു. ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾ നേടാഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയിൽ അ‌ടിക്ക് തിരിച്ചടി എന്ന നിലയ്ക്കാണ് നാല് ഗോളുകളും പിറന്നത്.

വിരസമായ ആദ്യ പകുതിയുടെ ക്ഷീണം തീർത്തുകൊണ്ട് നെതർലൻഡ് ആണ് രണ്ടാം പകുതിയിൽ ആദ്യ ഗോൾ നേടിയത്. 50–ാം മിനിറ്റിൽ കോഡി ഗാക്പോയെ ജാപ്പനീസ് ക്യാപ്റ്റൻ റിറ്റ്സു ഡോവാൻ വീഴ്ത്തിയതിന് നെതർലൻഡ്സിന് ഫ്രീകിക്ക് അ‌നുവദിക്കപ്പെട്ടു, എന്നാൽ കിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ലെങ്കിലും സെക്കൻഡ് ബോൾ എടുത്ത് റയാൻ ഗ്രാവൻഹബെർച്ച് വിർ‍ജിൽ വാൻ ദെയ്നെ ലക്ഷ്യമാക്കി ക്രോസിട്ടു. ഹെഡറിലൂടെ വിർജിൽ വാൻഡൈക്ക് നെതർലൻഡ്സ് ആദ്യ ഗോൾ നേടി.

ഗോൾ വീണതോടെ ഉണർന്ന ജപ്പാൻ, 57-ാം മിനിറ്റിൽ കെയ്‌റ്റോ നാക്കാമുറയിലൂടെ സമനില ഗോൾ നേടി. ഇടതുവിങ്ങിലൂടെയുള്ള മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ടക്കെഫുസ കുബോ നൽകിയ പാസ് കെയ്‌റ്റോ നാക്കാമുറ വലയിലെത്തിക്കുകയായിരുന്നു. ജയിക്കാനുള്ള മോഹവുമായി പൊരുതിയ നെതർലൻഡ്സ് 64–ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെയിലൂടെ വീണ്ടും ലീഡ് നേടി.

എന്നാൽ തോൽക്കാൻ തയാറല്ലായിരുന്ന ജപ്പാൻ തുടർച്ചയായ ഡച്ച് ഗോൾമുഖം ആക്രമിച്ച് ഒടുവിൽ 89-ാം മിനിറ്റിൽ ഡയ്ച്ചി കമാഡയിലൂടെ ലക്ഷ്യം കണ്ടു. കോക്കി ഒഗാവ എടുത്ത കോർണർ ഡയ്ച്ചി കമാഡ നെതർലൻഡ്സിന്റെ വലയിലെത്തിക്കുകയായിരുന്നു. അ‌തോടെ പരാജയത്തിന്റെ വക്കിൽ നിന്ന് സമനിലയുടെ ആശ്വാസത്തിലേക്ക് ജപ്പാൻ എത്തി. ലോകകപ്പിൽ ഗ്രൂപ്പ് ഇ -യിൽ ഇന്ന് നടന്ന മത്സരത്തിൽ ഐവറികോസ്റ്റ് 1-0 ന് ഇക്വഡോറിനെ പരാജയപ്പെടുത്തി, അമദ് ഡിയല്ലോ ആണ് വിജയ ഗോൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *