ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന ഹർജിയിൽ ചെങ്കൽപ്പെട്ട് കുടുംബകോടതിയിൽ ഇന്ന് നിർണായക വാദം. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതിന് സംഗീത സമർപ്പിച്ച ഹർജിയിലാണ് ഇന്ന് വാദം നടക്കുക. ഇരുവരും വീഡിയോ കോൺഫറൻസിംഗിലൂടെ കോടതി നടപടികളിൽ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീഡിയോ കോൺഫറൻസിംഗ് വഴി വാദം കേൾക്കണമെന്ന് ഇരുഭാഗത്തെയും അഭിഭാഷകർ നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
മാനസിക പീഡനം, അവിഹിത ബന്ധം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വിജയ്‌ക്കെതിരെ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് സംഗീത ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവാഹമോചനത്തിന് പുറമെ ജീവനാംശവും നീലങ്കരയിലുള്ള വസതിയിൽ താമസിക്കാനുള്ള അവകാശവുമാണ് സംഗീത ആവശ്യപ്പെട്ടിട്ടുള്ളത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലും മുഖ്യമന്ത്രിയായി അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിലും സംഗീതയും മക്കളും പങ്കെടുത്തിരുന്നില്ല. നടി തൃഷയുമായി വിജയ് അടുപ്പത്തിലാണെന്ന തരത്തിൽ വാർത്ത പ്രചരിച്ചതും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
എന്നാൽ, ഇരുവരും തമ്മിൽ വീണ്ടും ഒന്നിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശക്തമാണ്. വിജയ്‌യുടെ അമ്മ ശോഭ ഇരുവരെയും ഒന്നിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതുവരെ വിജയ്‌യോ സംഗീതയോ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.

