കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കള്ളനെന്നാരോപിച്ച് മുപ്പതുകാരനായ മലയാളി യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചുകൊലപ്പെടുത്തി. സൗത്ത് 24 പർഗനാസ് ജില്ലയിലെ കുൽതാലിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ട യുവാവിന്റെ പേരോ മറ്റ് വ്യക്തിവിവരങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭാഷാപരമായ തടസ്സം വില്ലനായി; കെട്ടിയിട്ട് ക്രൂരമർദനം
തദ്ദേശീയരായ ചില സുഹൃത്തുക്കൾക്കൊപ്പം ഏതാനും ആഴ്ചകൾക്ക് മുൻപാണ് യുവാവ് കുൽതാലിയിൽ എത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പ്രദേശത്തെ ഒരു മാർക്കറ്റിൽ ഇയാൾ ഒറ്റയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. വഴിതെറ്റിപ്പോയ യുവാവിനെ കള്ളനാണെന്ന് സംശയിച്ച് നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു.
ഭാഷ അറിയാത്തതിനാൽ താൻ ആരാണെന്ന് വ്യക്തമാക്കാൻ യുവാവിന് സാധിച്ചില്ല. ഇതോടെ പ്രകോപിതരായ ആൾക്കൂട്ടം ഇയാളെ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ് കുൽതാലി പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ യുവാവിനെ ഉടനടി ജോയ്നഗർ-കുൽതാലി ഗ്രാമീണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണെന്നും, സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട യുവാവിന്റെ സുഹൃത്തുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സൗത്ത് 24 പർഗനാസ് പൊലീസ് അറിയിച്ചു.

