എല്ലാ ബസുകളിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര വേണം; കോട്ടയത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ് ബിജെപി പ്രതിഷേധം

കോട്ടയം: സംസ്ഥാനത്ത് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്കെതിരെ കോട്ടയത്ത് ബിജെപിയുടെ ശക്തമായ പ്രതിഷേധം. കെഎസ്ആർടിസിയുടെ എല്ലാ വിഭാഗം ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോട്ടയം സ്റ്റാൻഡിൽ ബിജെപി പ്രവർത്തകർ ബസ് തടഞ്ഞത്.

അധികാരത്തിലെത്തുന്നതിന് മുൻപ് കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നാണ് യുഡിഎഫ് മുന്നണി വാഗ്ദാനം ചെയ്തിരുന്നതെന്നും, എന്നാൽ ഇപ്പോൾ ഓർഡിനറി ബസുകളിൽ മാത്രമായി ചുരുക്കി സർക്കാർ സ്ത്രീകളെ വഞ്ചിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

യാത്രക്കാരും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റം

കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിലെ ബസിൽ കയറിയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചത്. എന്നാൽ, മണിക്കൂറുകളോളം ബസ് തടഞ്ഞിട്ടതോടെ ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ പ്രതിഷേധക്കാർക്കെതിരെ തിരിഞ്ഞു.

രാവിലെ ജോലിക്ക് പോകാനും ആശുപത്രി ആവശ്യങ്ങൾക്കുമായി എത്തിയ സ്ത്രീകളടക്കമുള്ള യാത്രക്കാരാണ് ബസ് തടഞ്ഞതുമൂലം വലിയ ദുരിതത്തിലായത്. തുടർന്ന് യാത്രക്കാരും ബിജെപി പ്രവർത്തകരും തമ്മിൽ സ്റ്റാൻഡിനുള്ളിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഒടുവിൽ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *