ചെന്നൈ: നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്‍യും ഭാര്യ സംഗീതയും സമർപ്പിച്ച വിവാഹമോചന ഹർജി പരിഗണിക്കുന്നത് ചെങ്കൽപ്പെട്ട് കുടുംബകോടതി ഓഗസ്റ്റ് 7-ലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങളും പൊതുപ്രവർത്തകനെന്ന നിലയിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ഇരുവരും കോടതിയിൽ നേരിട്ട് ഹാജരായില്ല.
ഓൺലൈൻ വഴി (വീഡിയോ കോൺഫറൻസിങ്) ഹാജരാകാൻ അനുമതി തേടി ഇരുവരും അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ കോടതി ഈ ആവശ്യം തള്ളി. ഹർജിയിൽ ഇരുവരുടെയും കൃത്യമായ ഇമെയിൽ വിലാസങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി സുജാത അപേക്ഷ നിരസിച്ചത്.
26 വർഷത്തെ ദാമ്പത്യം; ഗുരുതര ആരോപണങ്ങൾ
26 വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി സംഗീതയാണ് ചെങ്കൽപ്പെട്ട് കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്. വിജയ്‍യുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപന ചടങ്ങുകളിലോ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുത്തിരുന്നില്ല.
2021 മുതൽ വിജയ്‌ക്ക് ഒരു പ്രമുഖ സഹനടിയുമായി ബന്ധമുണ്ടെന്നും ഇത് തനിക്കും മക്കൾക്കും വലിയ മാനസിക വിഷമവും പൊതുസമൂഹത്തിൽ അപമാനവുമുണ്ടാക്കിയെന്നും സംഗീത ഹർജിയിൽ ആരോപിക്കുന്നുണ്ട്. ഇതിനുപുറമേ, ക്രൂരമായ പെരുമാറ്റവും സാമ്പത്തികമായ നിയന്ത്രണങ്ങളും വിജയ്‌യുടെ ഭാഗത്തുനിന്നുണ്ടായതായും ഹർജിയിൽ പറയുന്നു. വിവാഹമോചനത്തിന് പുറമെ ജീവനാംശവും ചെന്നൈ നീലാങ്കരൈയിലെ വീട്ടിൽ താമസിക്കാനുള്ള അവകാശവും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്താൻ വിജയ്‍യുടെ മാതാവ് ശോഭയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ശ്രമം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് 7-ന് നടക്കുന്ന അടുത്ത വിചാരണയിൽ വിജയ്‌യും സംഗീതയും നേരിട്ട് ഹാജരാകുമോ അതോ ഓൺലൈൻ വഴിയുള്ള അനുമതിക്കായി വീണ്ടും അപേക്ഷിക്കുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.

