‘ലക്ഷ്മിപ്രിയയ്ക്കും വനിതാ SIക്കുമെതിരെ FIR രജിസ്റ്റർ ചെയ്യണം’; അൻസിബ കോടതിയിൽ

താരസംഘടനയായ അമ്മയിലെ വിവാദങ്ങൾക്കിടെ കോടതിയെ സമീപിച്ച് അൻസിബ ഹസൻ. നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിലെ വനിതാ എസ്.ഐ എന്നിവർക്കെതിരെ FIR രജിസ്റ്റർ ചെയ്യണമെന്നാണ് അൻസിബ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിലാണ് അൻസിബ ഹർജി നൽകിയിരിക്കുന്നത്.

താരസംഘടനയിലെ വനിതാഅംഗങ്ങൾ തമ്മിലുള്ള തർക്കങ്ങളും പ്രശ്നങ്ങളും ഇപ്പോൾ കോടതി കയറിയിരിക്കുകയാണ്. നേരത്തെ തന്നെ അൻസിബ ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പുണിത്തറവനിതാ സ്റ്റേഷനിലെ എസ്ഐ രേഷ്മക്കെതിരെയും ലക്ഷ്മിപ്രിയുടെ ഭർത്താവിനെതിരെയും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. ആ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും അതിൽ കഴമ്പില്ല എന്ന് പോലീസ് റിപ്പോർട്ട് കൊടുക്കുകയും ചെയ്തു. അതിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച അൻസിബ വീണ്ടും സമാനമായ ഒരു പരാതി പോലീസിന് നേരിട്ട് നൽകി. ഈ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അൻസിബ ഇപ്പോൾ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

രാഷ്ട്രീയ സ്വാധീനത്താൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ലെന്നാണ് അൻസിബ കോടതിയിൽ ആരോപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഇപ്പോൾ ഈ വിഷയത്തിൽ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോടതി ഈ ഹർജി തീർപ്പാക്കുക. അടുത്ത ദിവസങ്ങളിലാണ് AMMA-യുടെ ജനറൽ ബോഡി ചേരുന്നത്. അതിനിടയിലാണ് ഈ പ്രശ്നങ്ങൾ കോടതിയിലേക്ക് വരുന്നത്.

മുൻ ജോയിന്റ് സെക്രട്ടറിയായ അൻസിബ ഹസൻ തന്റെ സ്ഥാനത്തുനിന്ന് രാജിവെച്ചതോടെയാണ് വിവാദങ്ങൾ പരസ്യമായത്. സംഘടനയിലെ ചിലർ ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്നും, ഇത് സംഘടനയുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നും ആരോപിച്ചാണ് താരങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിന് മുന്നോടിയായി ഈ പ്രശ്നങ്ങൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

നടൻ ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിച്ചുവെന്നും അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ച് വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നുമാണ് അൻസിബയുടെ പ്രധാന പരാതി. ഇതിനുപുറമെ, നടി ലക്ഷ്മിപ്രിയയുമായുള്ള തർക്കങ്ങളും സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. തനിക്കെതിരെ അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയയും തിരിച്ചടിച്ചു.

സംഘടനയുടെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിൽ പരസ്യപ്രതികരണം നടത്തിയതിന് അൻസിബ ഹസൻ, ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവർക്ക് ‘അമ്മ’ നേതൃത്വം കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ജൂൺ 17-നകം രേഖാമൂലം വിശദീകരണം നൽകാനാണ് നിർദ്ദേശം. എന്നാൽ, താൻ ഏത് ചട്ടമാണ് ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അൻസിബ സംഘടനയ്ക്ക് മറുപടി നൽകി. ബൈലോയിലെ ആർട്ടിക്കിൾ 5 പ്രകാരമുള്ള ഏത് വകുപ്പാണ് താൻ ലംഘിച്ചതെന്ന് കൃത്യമായി അറിയണമെന്നാണ് താരത്തിന്റെ നിലപാട്.

താൻ ഉന്നയിച്ച പരാതികളിൽ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് അൻസിബ ഹസൻ. സംഘടനയെ നയിക്കുന്നവർക്ക് സംഘടനാ പാടവവും കരുണയും അംഗങ്ങളെ കേൾക്കാനുള്ള മനസും വേണമെന്ന് നടി അഭിപ്രായപ്പെട്ടു. ന്യായത്തിനൊപ്പം നിൽക്കാത്ത നേതൃത്വം അരാജകത്വമുണ്ടാക്കുമെന്നും അവർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *