പത്തനംതിട്ട: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന ആരോപണം ഉയര്‍ന്ന ഘട്ടത്തിലൊന്നും സിപിഎം നടപടിക്ക് തയ്യാറായിരുന്നില്ല.
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. അത് കണക്കിലെടുത്ത് ജില്ലാ കമ്മിറ്റിയോട് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതാണ് സസ്‌പെന്‍ഷനില്‍ എത്തിച്ചത്. എത്രകാലത്തേക്കാണ് നടപടി എന്ന് വ്യക്തമല്ല. മുതിര്‍ന്ന നേതാവ് തോമസ് ഐസക് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. പുറത്താക്കല്‍ പോലെ കടുത്ത നടപടി ആലോചിച്ചിരുന്നെങ്കിലും സസ്‌പെന്‍ഷനില്‍ ഒതുക്കുകയായിരുന്നു.
അതേസമയം പത്മകുമാറിനെതിരെ കൂടുതൽ നടപടിയുണ്ടായേക്കുമെന്ന് തോമസ് ഐസക് സൂചന നൽകി. കുറ്റപത്രത്തിൽ വിശദീകരണം തേടും. കോടതി നടപടിക്കു മുമ്പെ പാര്‍ട്ടി നടപടി സ്വീകരിക്കും. പത്മകുമാര്‍ ആത്മകഥ എഴുതുന്നുണ്ടെങ്കിൽ എഴുതട്ടെ എന്നും പാര്‍ട്ടിക്ക് പേടിയില്ലെന്നും ഐസക് വ്യക്തമാക്കി. നടപടി വരുന്ന പക്ഷം പലതും തുറന്നുപറയേണ്ടി വരുമെന്ന് പദ്മകുമാര്‍ അടുത്ത സുഹൃത്തുക്കളോട് കഴിഞ്ഞ ദിവസങ്ങളില്‍ സൂചന നല്‍കുകയും ചെയ്തിരുന്നു.

