പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയിൽ: സഹദ് പോക്സോയടക്കം നിരവധിക്കേസുകളില്‍ പ്രതിയെന്ന് പൊലീസ്

തിരുവനന്തപുരം: കന്യാകുളങ്ങരയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി സഹദ് പോക്സോയടക്കം നിരവധിക്കേസുകളില്‍ പ്രതിയെന്ന് പൊലീസ്. 21കാരനായ സഹദാണ് കുത്തിയതെന്ന് അറിഞ്ഞതും പൊലീസ് പ്രതിയുടെ ക്രിമിനല്‍ ബുദ്ധി മുന്നില്‍ കണ്ടു. ഈ നീക്കമാണ് അതിവേഗത്തില്‍ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

നെടുമങ്ങാട് സ്വദേശിയായ സഹദ് കന്യാകുളങ്ങരയിൽ പെൺകുട്ടിയുടെ വീടിനടുത്ത് ഏറെ നാൾ കുടുംബമായി താമസിച്ചിരുന്നു. പെൺകുട്ടിയെ കാണുന്നതും ഇഷ്ടപ്പെടുന്നതും അങ്ങനെയാണ്. പ്രണയാഭ്യർത്ഥന നിരസിച്ചതോടെ സഹദിന്റെ ഭാവം മാറി. നിരവധി തവണ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ഒടുവിൽ വ്യക്തമായ ആസൂത്രണത്തോടെ കൊലപാതകം ചെയ്യാനെത്തി. തലനാരിഴയ്ക്കാണ് പെൺകുട്ടി രക്ഷപ്പെട്ടത്.

പെൺകുട്ടിയെ ആക്രമിക്കാൻ സഹദ് തിരഞ്ഞെടുത്തത് ഇടവഴിയാണ്. സിസിടിവികൾ ഉണ്ടാവരുത്. വഴിയാത്രക്കാരും കാണരുത്. കയ്യിൽ കത്തി കരുതിയിരുന്നു. പ്രണയം നിരസിച്ച 17കാരിയെ കൊല്ലാൻ തന്നെയായിരുന്നു ഉദ്ദേശം. ഉച്ചസമയമായതിനാൽ വഴിയിൽ ആളുകൾ നന്നേ കുറയുമെന്ന് സഹദ് മുന്നേ മനസ്സിലാക്കിയിരുന്നു. വഴിയിലൂടെ പോകുന്നവർക്ക് പ്രത്യേകിച്ച് സംശയമൊന്നും തോന്നാത്ത വിധത്തിലായിരുന്നു പെൺകുട്ടി വരും വരെ സഹദ് കാത്തുനിന്നത്.

പെൺകുട്ടിയെ കണ്ടതോടെ ഭാവം മാറി. ശബ്ദമുയർത്തിയുള്ള ഭീഷണിയായിരുന്നു ആദ്യം. പിന്നാലെ കത്തിയെടുത്ത് കഴുത്തിൽ വരഞ്ഞു. കുതറി മാറാൻ ശ്രമിച്ചപ്പോൾ മുതുകിൽ ആഴത്തിൽ കുത്തി. അലറി കരഞ്ഞുകൊണ്ടാണ് സഹദിന്‍റെ അടുത്തുനിന്ന് പെൺകുട്ടി ഓടി രക്ഷപ്പെട്ടത്. ആ സമയം പെൺകുട്ടിയുടെ ദേഹത്ത് നിന്ന് രക്തം വാർന്ന് ഒഴുകുകയായിരുന്നു.

പെൺകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർക്ക് ആദ്യം ഒന്നും മനസ്സിലായില്ല. പെൺകുട്ടി കാര്യങ്ങൾ പറഞ്ഞതോടെ നാട്ടുകാർ വേഗം ആശുപത്രിയിലെത്തിച്ചു. വിവരം ആളുകൾ അറിഞ്ഞു എന്ന് മനസ്സിലാക്കിയ സഹദ് പെട്ടെന്ന് കാറിൽ കയറി മുങ്ങി. ട്രെയിനിൽ നാടുകടന്നെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് കണിയാപുരം റെയിൽവേ സ്റ്റേഷൻ സമീപം കാർ ഉപേക്ഷിച്ചത്. ഫോണും അവിടെവെച്ച് സ്വിച്ച് ഓഫ് ചെയ്ത ശേഷമായിരുന്നു രക്ഷപെടാനുള്ള ശ്രമം. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ബന്ധുവിന്റെ സഹായത്തോടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് സഹദ് പിടിയിലായത്. 2022ല്‍ നെടുമങ്ങാട് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും ഒരാളെ കാറിടിപ്പിച്ച കേസിലും സഹദ് പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *