സിഎംആർഎല്ലിന് നൽകിയ സേവനങ്ങളുടെ രേഖകൾ ഹാജരാക്കാൻ വീണക്ക് കഴിഞ്ഞിട്ടില്ലെന്ന് ED: വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയെ വീണ്ടും ഇഡി ചോദ്യം ചെയ്യും. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അനുബന്ധ രേഖകളുടെ പൂർണ വിവരം ലഭിച്ച ശേഷം സമൻസ് അയക്കും. വീണ ടി നൽകിയ മൊഴി രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കും. സിഎംആർഎല്ലിന് നൽകിയെന്ന് പറയുന്ന സേവനങ്ങൾ എന്തെല്ലാമെന്ന് തെളിയിക്കാൻ രേഖകൾ ഹാജരാക്കാൻ വീണ ടിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

ഐടി സേവനങ്ങൾ സംബന്ധിച്ച് സിഎംആർ‌എൽ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചർച്ചയെന്നും, അതിനാൽ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നുമാണ് വീണയുടെ മൊഴി. എക്സാലോജിക് നിലവിൽ പ്രവർത്തനത്തിലില്ല, അവിടെ ഉപയോഗിച്ച സിസ്റ്റത്തിലായിരുന്നു മറ്റു ചില വിശദാംശങ്ങളെന്നുമാണ് വീണ പറഞ്ഞത്. കഴിഞ്ഞദിവസം 9 മണിക്കൂറോളം വീണയെ ഇഡി ചോദ്യം ചെയ്തിരുന്നു. രാവിലെ പത്തരയോടെ ഇഡി ആസ്ഥാനത്തെത്തിയ വീണ ചോദ്യം ചെയ്യൽ പൂർത്തിയാക്കി പുറത്തിറങ്ങിയത് രാത്രി എട്ടുമണിയോടെയാണ്.

ഇഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് എത്തിയില്ല. ശേഷം ഭർത്താവും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസിനൊപ്പം ഹാജരാവുകയായിരുന്നു. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ വിവരങ്ങളും റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.

2016 മുതൽ 2020, 21 വരെയുള്ള കാലയളവിൽ 2.78 കോടി രൂപ കരിമണൽ കമ്പനിയായ സി എം ആർ എൽ ഐടി സേവനങ്ങൾക്ക് എന്ന പേരിൽ എക്സാലോജിക്കിന് നൽകിയിട്ടുണ്ട്. എന്നാൽ എക്സാജിക് സിഎംആർഎൽന് പ്രത്യേക സേവനങ്ങൾ ഒന്നും ചെയ്തില്ലെന്നാണ് ആദ്യം അന്വേഷണം നടത്തിയ SFIO കണ്ടെത്തൽ. ഇന്നലെ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയെയും ജയ എസ് കർത്തയെയും, മകൾ ഷിബി എസ് കർത്തയെയും ഇ ഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *