പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉള്‍പ്പെടെ ഒന്‍പത് പേര്‍ പ്രതികളാകും. 2025ലെ സ്വര്‍ണപ്പാളി കൈമാറ്റത്തിലും ഗൂഢാലോചനയെന്ന് എസ്ഐടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രണ്ടായിരത്തി ഇരുപത്തിയഞ്ചിലെ സ്വർണ്ണപ്പാളി കൈമാറ്റത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുൻ ഭരണസമിതിക്ക് വീഴ്ചകൾ സംഭവിച്ചതായും പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഒൻപത് പേർക്കാണ് വീഴ്ചകൾ സംഭവിച്ചിരിക്കുന്നത്. ഇതിൽ മുൻ ദേവസ്വം പ്രസിഡന്റും രണ്ട് അംഗങ്ങളും ഉൾപ്പെടുന്നുണ്ട്.
ഇതിൽ ഒരു അംഗം നിലവിലെ ഭരണസമിതിയിൽ ഇപ്പോഴും തുടരുന്ന ആളാണ്. മുൻ അംഗങ്ങൾക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മുൻപ് ദേവസ്വം മന്ത്രി കെ.മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. കേസിൽ പ്രതിപ്പട്ടിക വിപുലീകരിക്കാനും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ട്.
സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. കൊള്ള എവിടെ നടന്നാലും അന്വേഷിക്കണം. എല്ലാ ഇടപാടുകളും ഡിജിറ്റലാക്കുമെന്നും കെ. ജയകുമാര്‍ പറഞ്ഞു.

