ഇടുക്കി: തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ മാസ്സ് എൻട്രിയുമായി പടയപ്പ.ഇടുക്കിയിലെ കുണ്ടല ഗോൾഫ് ക്ലബിന് സമീപത്താണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് പടയപ്പ എന്ന കാട്ടാന എത്തിയത്. അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ശ്രീനിവാസപുരം എന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ് പടയപ്പയുടെ മാസ് എൻട്രി.
തെലുങ്ക് നടൻ ഘട്ടമനേനി ജയകൃഷ്ണയും നടി റാഷ തദാനിയും ചേർന്നുള്ള ഭാഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. പ്രകൃതിമനോഹാരിത നിറഞ്ഞ ഗോൾഫ് ക്ലബിന്റെ പുൽമേട്ടിലായിരുന്നു ഷൂട്ടിംഗ്. ഇതിനിടെയാണ് പടയപ്പ എത്തിയത്. ആനയെ കണ്ടതോടെ ഷൂട്ടിംഗ് നിർത്തിവച്ച് എല്ലാവരും ഗോൾഫ് ക്ലബിനകത്തേക്ക് കയറുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്ത് എത്തിയ വനംവകുപ്പ് ആർആർടി സംഘം പുൽമേട്ടിൽ മേഞ്ഞുനടന്ന ആനയെ ഓടിച്ചു. കഴിഞ്ഞ ഒരാഴ്ചയായി മലയോരപ്രദേശങ്ങളിൽ പടയപ്പയെ കാണാറുണ്ടെന്നാണ് വിവരം. കുണ്ടള, ചെണ്ടുവര, ചിറ്റുവര മേഖലകളിലാണ് പടയപ്പയുടെ സാന്നിധ്യം ഏറ്റവും കൂടുതലുള്ളത്.

