അമ്മയിൽ  കലഹം രൂക്ഷമായി; ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ സ്ഥാനമൊഴിഞ്ഞത് 17 അംഗങ്ങൾ

വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെ താരസംഘടന ‘അമ്മ’യുടെ ഭരണസമിതിയിൽ നിന്ന് രാജിവെച്ച് പ്രസിഡൻ്റ് ശ്വേത മേനോൻ. ശ്വേതയെ കൂടാതെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അം​ഗങ്ങളും രാജിവെച്ചു. തുടർന്ന് അമ്മയിൽ വീണ്ടും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കും. പുതിയ കമ്മറ്റിയെ ഉടൻ തീരുമാനിക്കും.

ഇന്ന് രാവിലെ തുടങ്ങിയ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളും ഉണ്ടായി. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിക്കുകയായിരുന്നു.

യോഗത്തിനിടെ സ്റ്റേജിൽ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാൽ തന്നെ ബിജെപിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും ശ്വേത പറഞ്ഞു. തുടർന്ന് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ചേർന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചത്.

ഐഎഫ്എഫ്‌കെയിൽ മദ്യം വിളമ്പി പാർട്ടി നടത്തിയത് ആരുടെ അനുമതിയോടെയാണെന്നും സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം രൂപ ചെലവാക്കി പുതിയ വേദി എന്തിന് തിരഞ്ഞെടുത്തുവെന്നുമുള്ള കടുത്ത ആരോപണങ്ങൾ നേതൃത്വത്തിന് നേരെ ഉയരുന്നുണ്ടെന്നാണ് വിവരം. വാർഷിക കണക്കവതരണവുമായി ബന്ധപ്പെട്ടും വലിയ രീതിയിലുള്ള ചർച്ചകളും വിമർശനങ്ങളും യോഗത്തിൽ ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *