അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം

മഥുര: അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തർപ്രദേശിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയരുന്നു. ക്ഷേത്രത്തിലെ പൂജാരിയായ ദിനേഷ് പഹലാഗിരി മഹാരാജും ക്ഷേത്ര മാനേജ്മെന്റും തമ്മിൽ പരസ്പരം ഉന്നയിക്കുന്ന ആരോപണ പ്രത്യാരോപണങ്ങളാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്. ക്ഷേത്ര മാനേജ്മെന്റിനെതിരെ പൂജാരിയും, പൂജാരിയ്‌ക്കെതിരെ മാനേജ്മെന്റും രംഗത്തെത്തിയതോടെ വിഷയം സങ്കീർണമായിരിക്കുകയാണ്.

ക്ഷേത്രത്തിന് ലഭിക്കുന്ന ഫണ്ടുകൾ മാനേജ്മെന്റ് വെട്ടിക്കുന്നുവെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് പൂജാരി ദിനേഷ് മഹാരാജ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് പിന്നാലെ പൂജാരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്ര മാനേജ്മെന്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകി. അയോധ്യയിൽ ക്രമക്കേടുകൾ ഉണ്ടായപ്പോൾ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ചതിന് സമാനമായ രീതിയിൽ മധുരയിലും അന്വേഷണം വേണമെന്നാണ് മാനേജ്മെന്റിന്റെ ആവശ്യം.

ക്ഷേത്രത്തിലെ നിവേദ്യം, പൂജകൾ എന്നിവയുടെ മറവിൽ വലിയ രീതിയിലുള്ള ഫണ്ട് വെട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നാണ് പ്രാഥമികമായ ആരോപണം. കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മഥുരയിലെ ഒരു പ്രാദേശിക പോലീസ് സ്റ്റേഷനിൽ ഇതിനോടകം തന്നെ പരാതി ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് ഈ കാര്യങ്ങൾ അന്വേഷിപ്പിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. പൂജാരി സിബിഐ അന്വേഷണത്തിൽ ഉറച്ചുനിൽക്കുമ്പോൾ, സർക്കാർ തലത്തിലുള്ള അന്വേഷണമാണ് മാനേജ്മെന്റ് ആവശ്യപ്പെടുന്നത്. അയോധ്യയിലെ വിവാദങ്ങളിൽ സ്വീകരിച്ചത് പോലുള്ള കർശന നടപടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭാഗത്തുനിന്ന് മധുരയുടെ കാര്യത്തിലും ഉണ്ടാകുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *