ബിജെപിക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

ദേവിദേവൻമാരുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാണെന്ന് ഹൈക്കോടതി. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ മൂന്നാം ഷെഡ്യൂൾ പ്രകാരം ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ആണ് ചെയ്യേണ്ടത്. ഇതിൽനിന്നു വ്യത്യസ്തമായിട്ടുള്ള സത്യപ്രതിജ്ഞ അസാധുവാണെന്നു ചൂണ്ടിക്കാട്ടി കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. നാലാഴ്ചയ്ക്കുള്ളിൽ ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം.

1994ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്‌ഷൻ 143 പ്രകാരം മുനിസിപ്പാലിറ്റി കൗൺസിലർമാർ തങ്ങളുടെ ഓഫിസ് ചുമതലകൾ ഏറ്റെടുക്കുന്നതിന് മുൻപായി ചെയ്യുന്ന സത്യപ്രതിജ്ഞ മൂന്നാം ഷെഡ്യൂള്‍ പ്രകാരം ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘ദൃഢപ്രതിജ്ഞ’ എന്ന രീതിയിലായിരിക്കണം ചെയ്യേണ്ടത്. എന്നാൽ ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത് ‘ഗുരുദേവ നാമത്തിൽ’, ‘ഉദയന്നൂർ ദേവിയുടെ നാമത്തിൽ’, ‘ഭഗവത് നാമത്തിൽ’, ‘കാവിലമ്മയുടെ നാമത്തിൽ’, ‘ശ്രീ പത്മനാഭസ്വാമിയുടെ നാമത്തിൽ’, ‘ഭാരതാംബയുടെ നാമത്തിൽ’ തുടങ്ങിയ രൂപങ്ങളിലാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ ഈ സത്യപ്രതിജ്ഞകൾ അസാധുവാണെന്നാണ് ഹർജിക്കാരൻ വാദിച്ചത്.

ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയത് സിപിഎമ്മാണ്. 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ കലക്ടര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കിയിരുന്നു. ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി വി.ജോയിയും എസ്.പി.ദീപക്കുമാണ് പരാതി നല്‍കിയത്. കോടതിലും പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *