റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചെരിഞ്ഞു

കോതമംഗലം: ജനവാസമേഖലയിൽ ഭീതി വിതച്ചതിനെ തുടർന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചെരിഞ്ഞു. കോട്ടപ്പാറ പ്ലാന്‍റേഷനില്‍നിന്ന് പുറത്തിറങ്ങി കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസമേഖലകളില്‍ ഒരു മാസത്തിലേറെയായി രാപകല്‍ ഭീതിവിതച്ച മോഴയാനയാണ് ചെരിഞ്ഞത്. ജനവാസമേഖലകളില്‍ ഇറങ്ങുന്നത് തടയുന്നതിന്‍റെ ഭാഗമായി ആനക്ക് വ്യാഴാഴ്ച റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു. മൂന്ന് തവണ മയക്കുവെടിവച്ച ശേഷം ആന മയങ്ങിയപ്പോഴാണ് റേഡിയോ കോളര്‍ ഘടിപ്പിച്ചത്.

വെള്ളിയാഴ്ച രാത്രി മുതൽ ഇതില്‍ നിന്നുള്ള സിഗ്നല്‍ ഒരേ സ്ഥലത്തുനിന്നുതന്നെ ലഭിച്ചതോടെ ആനക്ക് ചലനമില്ലെന്ന് മനസ്സിലാക്കുകയും ശനിയാഴ്ച രാവിലെ വനപാലകര്‍ നടത്തിയ തെരച്ചിലില്‍ ജഡം കണ്ടെത്തുകയുമായിരുന്നു. മറവ് ചെയ്യാന്‍ വനംവകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചു. നേരത്തേതന്നെ ആനയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. വായിലുണ്ടായ പരിക്കുമൂലം ആവശ്യാനുസരണം തീറ്റയെടുക്കാന്‍ കഴിയാത്തതായിരുന്നു പ്രശ്നം. ഇതിനൊപ്പം മൂന്നുതവണ മയക്കുവെടി വെച്ചതുമൂലമുണ്ടായ ആഘാതമാണ് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *