കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് 8 പവൻ സ്വർണം കാണാതായി; സംശയം മുൻ എസ്എച്ച്ഒയിലേക്ക്, അന്വേഷണ റിപ്പോർട്ട് പുറത്ത്

ലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്തു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എട്ടു പവൻ സ്വർണാഭരണങ്ങൾ കാണാതായ സംഭവം പോലീസിനെ പ്രതിരോധത്തിലാക്കുന്നു. വിമാനത്താവളത്തിൽ നിന്നും മറ്റും കണ്ടെത്തിയും, നാട്ടുകാർ കളഞ്ഞുകിട്ടിയതിനെത്തുടർന്ന് ഏൽപ്പിച്ചതുമായ സ്വർണാഭരണങ്ങളാണ് സ്റ്റേഷനിലെ അലമാരയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായത്.

മൂന്ന് സ്വർണ്ണമാലകൾ, രണ്ട് കമ്മലുകൾ, ഒരു മോതിരം, ഒരു ബ്രേസ്‌ലെറ്റ് എന്നിവ ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നത്. 2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിലൂടെയാണ് സ്വർണം നഷ്ടപ്പെട്ട വിവരം ആദ്യമായി പുറത്തുവന്നത്.

ഈ സംഭവത്തിൽ സ്റ്റേഷനിലെ മുൻ എസ്എച്ച്ഒയ്ക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നതായാണ് കൊണ്ടോട്ടി എഎസ്പി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തെ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സ്വർണം കൊണ്ടുപോയതെന്നാണ് റിപ്പോർട്ടിലെ സൂചന. സംഭവത്തിൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്വർണം കാണാതായ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *