വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ആളുകൾ നോക്കിനിൽക്കെ കുത്തിക്കൊന്നു

ബംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച പെൺസുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ബംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം നടന്നത്. 23കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. അഞ്ജലിയെ അത്താഴത്തിനായി വിളിച്ചുവരുത്തിയതിനുശേഷമായിരുന്നു കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ജലിയുടെ ആൺസുഹൃത്ത് രാജീവ് അറസ്റ്റിലായി.

കഴിഞ്ഞ നാലുവർഷമായി അഞ്ജലിയും രാജീവും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജോലി സ്ഥലത്തുവച്ചാണ് ഇരുവരും പരിചയപ്പെട്ടത്. എന്നാൽ രാജീവിന്റെ പശ്ചാത്തലത്തിൽ അതൃപ്തരായിരുന്ന അഞ്ജലിയുടെ മാതാപിതാക്കൾ ഇവരുടെ വിവാഹത്തെ എതിർത്തിരുന്നു. അഞ്ജലിയെയും കുടുംബത്തെയും വിവാഹത്തിനായി സമ്മതിപ്പിക്കാൻ നിരന്തരമായി ശ്രമിക്കുകയായിരുന്നു രാജീവ്.

വീട്ടുകാരുടെ സമ്മർദ്ദം മൂലം അഞ്ജലിയും അടുത്തിടെയായി രാജീവിനെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. ഇന്നലെ രാത്രി മഹാലക്ഷ്മി ലേഔട്ടിന് സമീപത്തെ പൈപ്പ് ലൈൻ എന്ന സ്ഥലത്തേയ്ക്ക് അത്താഴം കഴിക്കാനായി രാജീവ് അ‌ഞ്ജലിയെ ക്ഷണിച്ചു. ഇവിടെവച്ച് രാജീവ് വീണ്ടും വിവാഹക്കാര്യം സംസാരിച്ചു. യുവതി ഇത് നിരസിച്ച് നടന്നകന്നു. തുടർന്ന് പിന്നാലെ പോയ രാജീവ് അഞ്ജലിയെ കഴുത്തിന് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

കുത്തേറ്റുവീണ യുവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ സമീപത്തുനിന്നുതന്നെ പിടികൂടി. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അഞ്ജലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എം എസ് രാമയ്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *