പാലക്കാട്: തെറ്റായ മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ട് ഒരു കുടുംബത്തെ കണ്ണീരു കുടിപ്പിച്ചത് ദിവസങ്ങളോളം. നാലര വയസുള്ള പെണ്‍കുട്ടിയുടെ മൂത്രപരിശോധന ഫലത്തില്‍ പുരുഷബീജം കണ്ടെന്നു നഗരസഭയ്ക്കു കീഴിലെ ഡയറാ സ്ട്രീറ്റിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയതാണു സംഭവം. റിപ്പോര്‍ട്ട് തെറ്റാണെന്നു ജില്ലാ ആശുപത്രിയിലെ ലാബ് പരിശോധനയില്‍ വ്യക്തമായെങ്കിലും ചൈല്‍ഡ് ലൈന്‍, പൊലീസ് എന്നിവര്‍ ഇടപെട്ട സംഭവം കുടുംബത്തെ വലിയ മാനസിക പ്രതിസന്ധിയിലാക്കി.

വയറുവേദനയെത്തുടര്‍ന്നു പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയ കുട്ടിയുടെ മൂത്രപരിശോധനയില്‍ പുരുഷബീജം ഉണ്ടെന്ന സംശയം രേഖപ്പെടുത്തി ലാബ് അധികൃതര്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ചു. രാത്രി ചൈല്‍ഡ് ലൈനില്‍ നിന്നു വിളിക്കുമ്പോഴാണു രക്ഷിതാക്കള്‍ വിവരം അറിയുന്നത്. നോര്‍ത്ത് പൊലീസും വീട്ടിലെത്തി. ഇതോടെ കുടുംബമാകെ ആശങ്കയിലായി. തുടര്‍ന്നാണു ജില്ലാ ആശുപത്രി ലാബില്‍ വീണ്ടും പരിശോധനയ്ക്കയച്ചത്. ആശങ്കയ്‌ക്കൊടുവില്‍ റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് ആദ്യ പരിശോധന ഫലം തെറ്റാണെന്നു കണ്ടെത്തിയത്.

സംശയം തോന്നിയതു റിപ്പോര്‍ട്ടാക്കി ചൈല്‍ഡ് ലൈനിനെ അറിയിക്കും മുന്‍പു വിശദ പരിശോധന നടത്തിയെങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നു. ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടത്തേണ്ട പ്രാഥമിക അന്വേഷണം മാത്രമാണു നടത്തിയതെന്നു പൊലീസ് പറഞ്ഞു. ലാബില്‍ നിരന്തരം തെറ്റുകള്‍ സംഭവിക്കുന്നതിനെതിരെ ഡിഎംഒയ്ക്കും ജില്ലാ പ്രോജക്ട് ഓഫിസര്‍ക്കും പരാതി നല്‍കുമെന്ന് പെണ്‍കുട്ടി താമസിക്കുന്ന റസിഡന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *