പത്തനംതിട്ട: സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജം. പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലം ലഭിച്ചതോടെയാണ് പൊലീസ് കേസിൽ സമഗ്രമായ അന്വേഷണം നടത്തിയത്. കസ്റ്റഡിയിലെടുത്ത 6 പേരെ പൊലീസ് ഇന്നലെ താൽക്കാലികമായി വിട്ടയച്ചിരുന്നു.
പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടതിനെ തുടർന്നായിരുന്നു ഇത്. വൈദ്യ പരിശോധനാ ഫലം ലഭിച്ചതിനു ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റുകയായിരുന്നു. സഹപാഠിക്ക് തന്നോട് പ്രണയം തോന്നാത്തത് പരാതിക്ക് കാരണമായെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതോടെ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് തീരുമാനം. പൊലീസിന് മുമ്പിലും മജിസ്ട്രേറ്റിന് മുമ്പിലും പെൺകുട്ടി നൽകിയ മൊഴിയിൽ പീഡനം നടന്നതായി പറഞ്ഞിട്ടില്ല.രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറും ക്ലോസ് ചെയ്തതായി കോടതിയിൽ റിപ്പോർട്ട് നൽകും. പെൺകുട്ടി ചൈൽഡ് ലൈന് മൊഴി നൽകാൻ ഇടയായ സാഹചര്യം പോലീസ് പരിശോധിക്കും.
സ്കൂളിൽവച്ചുനടന്ന കൗൺസലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പത്തിലധികം പേർ തന്നെ പീഡിപ്പിച്ചുവെന്നും ഇതിൽ ആറ് പേർ സഹപാഠികളാണെന്നുമാണ് പെൺകുട്ടി പറഞ്ഞത്. പ്രതികളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമുണ്ടായിരുന്നു. സ്കൂളിന് സമീപത്ത് വച്ചും പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വച്ചുമായിരുന്നു പീഡനമെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ സമയം കസ്റ്റഡിയിൽ എടുത്തവർ ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി.
പതിമൂന്ന് വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപഴ്സൻ കെ.വി മനോജ് കുമാർ സ്വമേധയാ കേസെടുത്തിരുന്നു.

