തിരുവനന്തപുരം: വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യ (32) ആണ് മരിച്ചത്. ഐശ്വര്യയും കഴിഞ്ഞദിവസം മരിച്ച വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജുവും(28) സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.
കേസിൽ അറസ്റ്റിലായ പ്രതി പനങ്ങോട് സ്വദേശി സിന്ധുകുമാരി (53)യുടെ പങ്ക് കത്തെഴുതിവച്ച ശേഷമാണ് ഇരുവരും ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. അഞ്ജു ചികിത്സയിലിരിക്കെ ശനിയാഴ്‌ച മരിച്ചു. പ്രതി സിന്ധുകുമാരിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്‌തിരുന്നു. വിഴിഞ്ഞം പൊലീസ് മലയിൻകീഴ് മച്ചേലിലെ ബന്ധുവീട്ടിൽ നിന്ന് ഞായറാഴ്‌ച അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.
സിന്ധുകുമാരിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ വ്യാജ വിസിറ്റിംഗ് കാർഡുകളും ബിൽ ബുക്കും കണ്ടെടുത്തു. പ്രതിക്കെതിരെ കോവളം സ്റ്റേഷനിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് രണ്ടുകേസും മലയിൽകീഴ് സ്റ്റേഷനിൽ വഞ്ചനാകുറ്റത്തിന് കേസുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ ഇവർക്കെതിരെ പരാതിപ്രളയമാണ്. പത്തിലധികം പരാതികൾ പൊലീസിന് ലഭിച്ചു.
മുമ്പ് സ്വർണ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന പ്രതി യുവതികളെ പരിചയത്തിലാക്കി വിശ്വാസ്യത നേടിയെടുത്തു. തുടർന്ന് യുവതികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇടപാടുകാർ പണയം വയ്ക്കുന്ന സ്വർണം കുറഞ്ഞ പലിശയ്ക്ക് കെ.എസ്.എഫ്.ഇയിൽ വയ്ക്കാമെന്ന് പറഞ്ഞ് വാങ്ങി. സ്ഥാപന ഉടമ അറിയാതെയായിരുന്നു ഇത്. എന്നാൽ ഈ സ്വർണം വിൽക്കുന്ന കാര്യം യുവതികൾക്ക് അറിയില്ലായിരുന്നു.
പണയംവച്ചതിന്റെ കമ്മിഷനെന്ന പേരിൽ യുവതികൾക്ക് സിന്ധുകുമാരി പണം നൽകി. ഇടപാടുകാർ വന്നപ്പോൾ ആദ്യം ഒരു തവണ പ്രതി സ്വർണം തിരികെ നൽകി. പിന്നീട് ഇടപാടുകാരെത്തിയപ്പോൾ പ്രതി സ്വർണം നൽകിയില്ല. ഇതോടെ യുവതികൾ കടം വാങ്ങി പണയംവച്ച തൂക്കത്തിനുള്ള സ്വർണം ഉടമസ്ഥർക്ക് വാങ്ങി നൽകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്വർണം കോവളത്തെ മറ്റൊരു പണമിടപാട് സ്ഥാപനത്തിൽ സിന്ധുകുമാരി വിൽക്കുകയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

