ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം; എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം, കപ്പലിന് തീപിടിച്ചു

ഗോള ഊർജ്ജ വിപണിയെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും ആശങ്കയിലാഴ്ത്തി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരെ മിസൈൽ ആക്രമണം. ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് നേരെയാണ് അജ്ഞാത പേടകത്തിൽ നിന്നും മിസൈൽ പതിച്ചത്.

ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ആണ് ഈ ഞെട്ടിക്കുന്ന വിവരവും ആക്രമണത്തിന്റെ മുന്നറിയിപ്പും പുറത്തുവിട്ടത്. മിസൈൽ പതിച്ചതിനെ തുടർന്ന് എണ്ണക്കപ്പലിൽ വൻ തീപിടുത്തമുണ്ടായതായാണ് റിപ്പോർട്ട്. എന്നാൽ ആക്രമണത്തിൽ ഇതുവരെ ആളപായമോ പരിസ്ഥിതി മലിനീകരണമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. ഈ മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് മാരിടൈം ഏജൻസി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒമാനിലെ ലിമായിൽ നിന്ന് ഏകദേശം എട്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അന്താരാഷ്ട്ര കപ്പൽ ചാലിലൂടെ തെക്കോട്ട് സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലിന്റെ ഇടതുഭാഗത്താണ് മിസൈൽ വന്ന് പതിച്ചതും ഇതേത്തുടർന്ന് കപ്പൽ ജീവനക്കാർക്ക് തീപിടുത്തം നിയന്ത്രണവിധേയമാക്കേണ്ടി വന്നതും. ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക ആക്രമണ വിരുദ്ധ കരാറിന്റെ കാലാവധി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം നടന്നിരിക്കുന്നത് എന്നത് മേഖലയിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും വഷളാക്കുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ രണ്ട് മിസൈലുകൾ എങ്കിലും തൊടുത്തുവിട്ടിട്ടുണ്ടെന്നാണ് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വീണ്ടും കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്നത് ആഗോള സാമ്പത്തിക രംഗത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ കടുത്ത സംഘർഷങ്ങളെ തുടർന്ന് ഇറാൻ ഈ മേഖലയിൽ ഏർപ്പെടുത്തിയ ഉപരോധം നീക്കാൻ മുൻപ് അമേരിക്കയും ഇറാനും തമ്മിൽ ധാരണയായിരുന്നു എങ്കിലും, തങ്ങളുടെ നിർദ്ദിഷ്ട പാതയിലൂടെയല്ലാതെ പോകുന്ന കപ്പലുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ആക്രമണത്തിന് ഇരയായത് ഏത് രാജ്യത്തിന്റെ കപ്പലാണെന്നോ അതിന്റെ കൂടുതൽ വിവരങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സുരക്ഷാ ഏജൻസികൾ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ സൈനിക നീക്കങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് ആഗോള ഇന്ധനവിലയെ വീണ്ടും പ്രതികൂലമായി ബാധിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *