കോഴിക്കോട്: മാധ്യമ സ്ഥാപനമായ ‘മീഡിയ വൺ’ തനിക്കെതിരെ വധഭീഷണിയുയർത്തുന്ന രീതിയിൽ ‘ഡോഗ് വിസിലിംഗ്’ (Dog Whistling) നടത്തുന്നുവെന്ന് ആരോപിച്ച് എക്‌സ്-മുസ്ലിം ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ വിമർശകനുമായ ആരിഫ് ഹുസൈൻ തെരുവത്ത് പരാതി നൽകി. തന്റെ ജീവന് അതീവ സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഡി.ജി.പി എന്നിവർക്കാണ് അദ്ദേഹം അടിയന്തര പരാതി നൽകിയത്.
തനിക്കെതിരെ ഉണ്ടാകാനിടയുള്ള തീവ്രവാദ ആക്രമണങ്ങൾക്ക് മാനസികവും സാമൂഹികവുമായ ന്യായീകരണം ഒരുക്കുകയാണ് മീഡിയ വണ്ണിന്റെ പുതിയ വീഡിയോകളെന്ന് ആരിഫ് ഹുസൈൻ പരാതിയിൽ ആരോപിക്കുന്നു.
വിമർശകരെ വില്ലന്മാരാക്കുന്ന പഴയ ‘ജിഹാദി തന്ത്രം’
മീഡിയ വൺ അടുത്തിടെ പുറത്തുവിട്ട രണ്ട് വീഡിയോകളിൽ തന്റെ പേരും ചിത്രവും വംശീയ അധിക്ഷേപങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും ഒപ്പം ചേർത്തുവെച്ചതായി പരാതിക്കാരൻ വ്യക്തമാക്കുന്നു. ഇസ്ലാം മതത്തിലെ ആശയപരമായ പ്രശ്‌നങ്ങളെയും സ്ത്രീവിരുദ്ധതയെയും ജിഹാദിസത്തെയും യുക്തിപൂർവ്വം വിമർശിക്കുന്ന എക്‌സ്-മുസ്ലിം ശബ്ദങ്ങളെ ‘വെറുപ്പ് ഉൽപ്പാദിപ്പിക്കുന്നവർ’, ‘വർഗീയത വളർത്തുന്നവർ’, ‘മുസ്ലിം വിരോധികൾ’ എന്നിങ്ങനെ ചിത്രീകരിച്ച് സമൂഹത്തിന് മുന്നിൽ വില്ലന്മാരാക്കാനാണ് ഈ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സാധാരണ മാധ്യമ വിമർശനമല്ലെന്നും, വിമർശകരെ അപകടകാരികളായി ചിത്രീകരിക്കുന്ന പഴയ ജിഹാദി തന്ത്രമാണെന്നും ആരിഫ് ആരോപിക്കുന്നു. ചോദ്യങ്ങൾ ഇസ്ലാമിക ആശയങ്ങളോടാണെങ്കിൽ, അതിനെ മുസ്ലിം ജനവിഭാഗത്തോടുള്ള വിരോധമാക്കി തിരിച്ചുവിടുന്ന രീതിയാണ് മീഡിയ വൺ നടപ്പിലാക്കുന്നത്.
ഇത്തരത്തിലുള്ള പ്രചാരണങ്ങൾ തന്റെ ജീവന് കടുത്ത ഭീഷണിയാണെന്നും തനിക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്നും അദ്ദേഹം പരാതിയിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.
കേരളത്തിലെ പഴയകാല ചരിത്ര സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഈ നീക്കം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് പരാതിക്കാരന്‍ വ്യക്തമാക്കുന്നു. മതവിമര്‍ശനം നടത്തിയതിന്റെ പേരില്‍ ചേകന്നൂര്‍ മൗലവി ഇല്ലാതാക്കപ്പെട്ടതും, പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയതും പോലുള്ള മുന്‍കാല അനുഭവങ്ങള്‍ കേരളത്തിലുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഇതിന് പുറമെ അന്താരാഷ്ട്ര തലത്തില്‍ തിയോ വാന്‍ ഗോഗ്, സാമുവല്‍ പാറ്റി എന്നിവര്‍ കൊല്ലപ്പെട്ടതും സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടതും സമാനമായ സാഹചര്യങ്ങളിലാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യം വിമര്‍ശകനെ ഒറ്റപ്പെടുത്തുകയും, പിന്നീട് സമൂഹത്തിന്റെ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്ത ശേഷമാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കാറുള്ളത്. നാളെ ഏതെങ്കിലും മതഭ്രാന്തന്‍ ഈ മാധ്യമ ഭാഷ കേട്ട് തന്നെ ആക്രമിച്ചാല്‍, ആ ഭാഷ ഉപയോഗിച്ച മാധ്യമങ്ങള്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് ആരിഫ് മുന്നറിയിപ്പ് നല്‍കുന്നു.
മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെക്കുറിച്ചും ശക്തമായ വിമര്‍ശനം
മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെക്കുറിച്ചും ശക്തമായ വിമര്‍ശനം പരാതിയിലുണ്ട്. ടി.എസ്. ശ്യാംകുമാറോ സണ്ണി കപിക്കാടോ ഒക്കെ ഹിന്ദു സാമൂഹിക ഘടനകളെയും മനുസ്മൃതിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്പോള്‍ മാധ്യമങ്ങളില്‍ ‘ഹിന്ദുഫോബിയ’ അലാറം മുഴങ്ങാറില്ല. എന്നാല്‍ ഒരു എക്‌സ്-മുസ്ലിം ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ പെട്ടെന്ന് പ്ലൂരലിസത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് അസ്വസ്ഥത തുടങ്ങും. മുസ്ലിം ഒരു മനുഷ്യനാണെന്നും ഇസ്ലാം ഒരു ആശയമാണെന്നും തിരിച്ചറിയണം; മനുഷ്യരെ സംരക്ഷിക്കുകയും ആശയങ്ങളെ കര്‍ശനമായി പരിശോധിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
തന്റെ ജീവന് ഭീഷണിയുള്ള ഈ സാഹചര്യത്തില്‍ കേരള പൊലീസും ഇന്റലിജന്‍സ് സംവിധാനങ്ങളും അടിയന്തരമായി ഇടപെടണമെന്ന് ആരിഫ് ആവശ്യപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ഭീഷണി കൃത്യമായി വിലയിരുത്തണമെന്നും ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, സൈബര്‍ സെല്‍ മുഖേന ഈ വീഡിയോകളുടെ ഡിജിറ്റല്‍ തെളിവുകളും കമന്റുകളും ശേഖരിക്കണമെന്നും, വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ച മാധ്യമ സ്ഥാപനത്തിന് നോട്ടീസ് അയക്കണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഭയന്ന് പിന്മാറാന്‍ താന്‍ തയ്യാറല്ലെന്നും കൂടുതല്‍ ശക്തമായി തെളിവുകളോടെ ഇസ്ലാമിക ആശയങ്ങളെ തുടര്‍ന്നും വിമര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

