തുരങ്കപാത ഗുണകരമായ പ്രവർത്തനം; അലംഭാവം കാണിച്ചത് ആരെന്ന് സർക്കാരിനറിയാം; അത് സർക്കാർ തന്നെ പറയട്ടെ: സുരേഷ് ഗോപി

കള്ളാടിയിൽ ഉണ്ടായ വൻ മണ്ണിടിച്ചിൽ തീർത്തും അലംഭാവം കൊണ്ട് സംഭവിച്ച ദുരന്തമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.  ദുരന്തം വിളിച്ചുവരുത്തിയതാണെന്ന് തന്നെയാണ് താൻ മനസ്സിലാക്കുന്നത് എന്നും, വീഴ്ച വരുത്തിയവർക്കെതിരെ മുഖ്യമന്ത്രി ഉടൻ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ഉണ്ടയില്ലാ വെടി പൊട്ടിക്കാൻ ഞാനില്ല, മറുപടി പറയേണ്ടത് മുഖ്യമന്ത്രി”

ആരുടെ ഭാഗത്തുനിന്നാണ് വീഴ്ചയും അലംഭാവവും ഉണ്ടായത് എന്ന് കൃത്യമായി സർക്കാരിന് അറിയാമെന്ന് സുരേഷ് ഗോപി തുറന്നടിച്ചു. “ഞാൻ ഇതിൽ ഭാഗവാക്കല്ല, ആ സ്ഥിതിക്ക് ഉണ്ടായില്ലാ വെടി പൊട്ടിക്കുന്നത് എന്തിനാണ്? മുഖ്യമന്ത്രി ഉത്തരവാദിത്വത്തോടെ അത് കണ്ടെത്തി മറുപടി നൽകണം. തുരങ്കപാത പ്രൊജക്റ്റ് റിവ്യൂ നടന്നോ ഇല്ലയോ എന്നത് നിലവിലുള്ള മുഖ്യമന്ത്രി വ്യക്തമാക്കട്ടെ. പൂർവമുഖ്യമന്ത്രിയാണ് ഇത് തുടങ്ങി വെച്ചത്, അതിനാൽ ഇപ്പോഴത്തെ മുഖ്യമന്ത്രി അതിന് ഉത്തരം നൽകണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

പരിസ്ഥിതി പഠനം നടത്താതെ ഇത്തരമൊരു നിർമാണം തുടങ്ങാൻ നാട്ടിലെ പ്രകൃതിസ്നേഹികളും എൻ.ജി.ഒകളും എങ്ങനെ അനുവദിച്ചു എന്നതും ആഴത്തിൽ ചിന്തിക്കേണ്ട ചോദ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2021-ലെ താക്കീതും അനധികൃത നിർമ്മാണങ്ങളും

വയനാടിന്റെ ഭൂപ്രകൃതിയും സോയിൽ സ്ട്രക്ച്ചറും വളരെ പെട്ടെന്ന് തകരുന്നതാണെന്ന് 2021-ൽ തന്നെ രാജ്യസഭയിൽ താൻ ഘോരം ഘോരം വിളിച്ചു പറഞ്ഞ കാര്യം സുരേഷ് ഗോപി ഓർമ്മിപ്പിച്ചു.

“1800-ഓളം അനധികൃത കെട്ടിട നിർമ്മാണങ്ങൾ വയനാട്ടിൽ നടന്നതിനെപ്പറ്റിയുള്ള ഫയലുകൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. അതിൽ കേന്ദ്ര തലത്തിൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ സംസ്ഥാനത്ത് ഇത് നടപ്പിലാക്കേണ്ടത് ഇവിടുത്തെ സർക്കാരാണ്. അന്നത്തെ മുഖ്യമന്ത്രി അത് ചെയ്തോ ഇല്ലയോ, ഇപ്പോഴത്തെ മുഖ്യമന്ത്രി അതിൽ ആർജവം കാട്ടുമോ എന്ന് മാധ്യമങ്ങൾ അന്വേഷിക്കണം.” – സുരേഷ് ഗോപി വ്യക്തമാക്കി.

തുരങ്കപാത പദ്ധതി തടയരുത്; കരാറുകാരുടെ വീഴ്ചയും പരിശോധിക്കണം

തുരങ്കപാത വികസനത്തിന് വളരെ ഗുണകരമായ പ്രോജക്റ്റാണെന്നും അത് മുന്നോട്ട് പോകണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്ത് കൽക്കരി ഖനികളിൽ പോലും അപകടങ്ങൾ ഒഴിവാക്കാനുള്ള ആധുനിക സാങ്കേതികവിദ്യകളുണ്ട്.

പെട്ടെന്ന് ജോലി തീർക്കാൻ വേണ്ടി അൺസ്‌കിൽഡ് (പരിശീലനം ലഭിക്കാത്ത) ആളുകളെയാണോ ജോലിക്ക് നിയോഗിച്ചത് എന്ന് പരിശോധിക്കണം. നാഷണൽ ഹൈവേ നിർമ്മാണത്തിൽ പോലും വലിയ കോൺട്രാക്ടിങ് ഏജൻസികൾക്ക് ടെൻഡർ നൽകിയ ശേഷം, അവർ ലോക്കൽ കോൺട്രാക്ടർമാർക്ക് ഉപകരാർ നൽകുമ്പോൾ ഇത്തരം വീഴ്ചകൾ സംഭവിക്കുന്നുണ്ട്. എന്തതരം മണ്ണാണ് ഈ സ്ട്രക്ച്ചറുകളിൽ ഉപയോഗിച്ചതെന്ന് എല്ലാ സ്ഥലത്തും നേരിട്ടെത്തി പരിശോധിക്കാൻ കേന്ദ്രമന്ത്രിക്കോ മുഖ്യമന്ത്രിയ്ക്കോ സാധിക്കില്ലെന്നും, പ്രാദേശിക തലത്തിൽ കൃത്യമായ സ്കാനിംഗും പരിശോധനയും വേണമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *