കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം നാലായി. മീനാക്ഷി പാലത്തിന്റെ താഴെ വലതു ഭാഗത്തു നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. പ്രദേശത്ത് നാലു സോണായി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഇതില്‍ ഒന്നാമത്തെ സോണില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. കാണാതായ മറ്റു നാലു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും മന്ത്രി അനില്‍ കുമാര്‍ അറിയിച്ചു.
ഒന്നാമത്തെ സോണില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്. അവിടെയും രണ്ടാമത്തെ സോണുമാകും ഇന്ന് പ്രധാനമായും സെര്‍ച്ച് ചെയ്യുന്നത്. മീനാക്ഷി പുഴയുടെ വലതു ഭാഗത്തു നിന്നാണ് മൃതദേഹം ലഭിച്ചിട്ടുള്ളത്. പുഴയിലും പരിശോധന നടത്തുന്നുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിഎന്‍എ ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കേണ്ടത് ഡോക്ടേഴ്‌സാണെന്നും മന്ത്രി പറഞ്ഞു.
പോസ്റ്റ് മോര്‍ട്ടം മാത്രം മതിയോ, തിരിച്ചറിയാന്‍ പ്രയാസമുണ്ടോ എന്നെല്ലാം പരിശോധിച്ചു മാത്രമേ തീരുമാനിക്കാനാകൂ. തിരിച്ചറിയാന്‍ പ്രയാസമുണ്ടെങ്കില്‍ മാത്രം ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ മതിയാകുമെന്നും മന്ത്രി അനില്‍ കുമാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ എംബാം ചെയ്ത് മാത്രമേ സ്വദേശത്തേക്ക് അയക്കുകയുള്ളൂ. മണ്ണിനടിയില്‍ അധികം താഴെയല്ലാതെയുള്ള ഭാഗത്ത്, പൈപ്പുകളും വാഹനങ്ങളുടെ പാര്‍ട്‌സ്‌കളുടെയും ഇടയില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.

