‘സാവരിയയെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു; തല മുതല്‍ കാല്‍ വരെ അടിച്ചുചതച്ചു; ശരീരത്തില്‍ മുറിവില്ലാത്ത ഭാഗമില്ല; സഹപാഠി സദറുല്‍ അനം അതിക്രൂരമായി മര്‍ദിച്ചെന്ന് പെണ്‍കുട്ടിയുടെ കുടുംബം

ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ സഹപാഠിയായ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. പ്രതിയായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൽ ആനം, സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നതായും ഇതിന് വിസമ്മതിച്ചതിനെ തുടർന്നാണ് തല മുതൽ കാൽ വരെ അതിക്രൂരമായി അടിച്ചുചതച്ച് കൊലപ്പെടുത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു. സാവരിയയുടെ മൃതദേഹം കൊച്ചിയിലെത്തിച്ച ശേഷം വണ്ടാനം മെഡിക്കൽ കോളേജിൽ റീ-പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിധേയമാക്കി.

ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തിൽ ബസന്ത് – മിനി ദമ്പതികളുടെ മകളായ സാവരിയ ബസന്തും (22) പ്രതി സദറുൽ ആനമും (23) ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്.

“ലാപ്പ്ടോപ്പ് കൊണ്ട് അടിച്ചതല്ല, ക്രൂരമായി പീഡിപ്പിച്ചു കൊന്നതാണ്”

ഉസ്ബക്കിസ്ഥാൻ പൊലീസ് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ തലയ്‌ക്കേറ്റ പരിക്ക് മാത്രമാണ് മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിലെ മറ്റ് കഠിനമായ ചതവുകളെക്കുറിച്ച് അതിൽ പരാമർശമില്ലാത്തതിനാലും, കേസ് കൂടുതൽ ശക്തമാക്കുന്നതിനുമാണ് കുടുംബത്തിന്റെ ആവശ്യപ്രകാരം നാട്ടിൽ വീണ്ടും പോസ്റ്റ്‌മോർട്ട് നടത്തിയത്.

“അവധിക്ക് ഇന്ന് നാട്ടിലേക്ക് വരേണ്ട കുട്ടിയായിരുന്നു അവൾ. ലാപ്ടോപ്പ് കൊണ്ട് ഒരു നിമിഷത്തിൽ അടിച്ചു കൊന്നതൊന്നുമല്ല. വളരെ ക്രൂരമായി ഉപദ്രവിച്ചാണ് കൊലപ്പെടുത്തിയത്. ദേഹത്ത് മുറിവില്ലാത്ത ഒരു ഭാഗവുമില്ല. അവിടെ അന്വേഷണം നടക്കുമ്പോൾ കൂടെയുള്ള കുട്ടികൾ ഉദ്യോഗസ്ഥരോട് പറഞ്ഞത് ഇവൾ കൺവേർട്ട് ചെയ്യാൻ (മതപരിവർത്തനം) സമ്മതിക്കാത്തതിനാണ് ഇത് ചെയ്തതെന്നാണ്.” – സാവരിയയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

അവധിക്ക് ഇന്ന് നാട്ടിലേക്ക് വരേണ്ട മോളാണ്. ഇന്ന് വരാൻ ടിക്കറ്റ് റിസർവ് ചെയ്തു വെച്ചതായിരുന്നു. ഈ കൊലപാതകത്തിന്റെ കാരണം എന്താണെന്ന് കൃത്യമായി അറിയില്ല. പക്ഷേ, വളരെയേറെ ഉപദ്രവിച്ചിട്ടാണ് കുട്ടിയെ കൊന്നത്. ദേഹത്ത് മുറിവ് വരാത്ത ഒരു ഭാഗവും ഇല്ല. അത്രയും ഉപദ്രവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് നമ്മൾ ഉസ്ബക്കിൽ പോയപ്പോൾ കേസിന്റെതായ യാതൊരു കാര്യങ്ങളും കിട്ടുന്നില്ല. അതുകാരണമാണ് റീപോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടത്. എംബസിയിൽ നിന്ന് നമുക്ക് വളരെ പോസിറ്റീവ് ആയ ഒരുപാട് ഹെൽപ് ചെയ്തു തന്നു. കേസ് ബലമുള്ളതാണ്, 10 -15 കൊല്ലം ഒക്കെ ശിക്ഷ അവിടെ കിട്ടും എന്നൊക്കെ പറയുന്നുണ്ടെങ്കിലും ചിലപ്പോൾ പെട്ടെന്ന് ഊരിപ്പോരാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് കേസ് ഇങ്ങോട്ട് മാറ്റുന്നത്. ഒരു കാരണവശാലും പ്രതി രക്ഷപ്പെടരുത്.

അവിടുന്ന് കിട്ടിയ ഫസ്റ്റ് റിപ്പോർട്ട് അനുസരിച്ച് തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് രേഖപ്പെടുത്തിയത്. ക്രൂരമർദനവും ദേഹത്തുള്ള പാടുകളും റിപ്പോർട്ട് ചെയ്തിട്ടില്ല. വിശദ റിപ്പോർട്ടിൽ അത് ഉണ്ടാകുമോ എന്ന് അറിയില്ല. ആ റിപ്പോർട്ട് കിട്ടണമെങ്കിൽ 20 ദിവസം കഴിയണം. മൃതദേഹം കൊണ്ടുവരാനുള അനുമതി റിപ്പോർട്ട് മാത്രമാണ് ഇപ്പോൾ അവിടുന്ന് ലഭിച്ചത്.

അവൾക്ക് അവിടെ ഒരുപാട് ഫ്രണ്ട്സ് ഉണ്ടായിരുന്നു. എല്ലാവരുടെ പേരും ഞങ്ങൾ ഓർത്തിരിക്കുന്നില്ല. ചിലപ്പോൾ ഫോൺ വിളിക്കുന്ന സമയത്ത് എല്ലാവരും ഉണ്ടാവും. ചിലർ ‘ഹായ് ഏട്ടാ’ എന്നെല്ലാം പറഞ്ഞു പോകാറുണ്ട്. അല്ലാതെ ഈ കുട്ടിയുടെ മുഖം അത്ര കറക്റ്റ് ഓർമ്മ ഇല്ല.

ഇങ്ങനെ ഒരു ഇഷ്യൂ ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞിട്ടില്ല. അറിഞ്ഞിരുന്നെങ്കിൽ ഇതിനു മുന്നേ എന്തെങ്കിലും ചെയ്യാമായിരുന്നല്ലോ. ഞങ്ങൾ അറിഞ്ഞിട്ടില്ല.

ഇവർ നല്ല ഫ്രണ്ട്സ് ആണ് എന്നുള്ളത് മാത്രമാണ് മറ്റു കുട്ടികൾ പറഞ്ഞത്. അല്ലാതെ എനിക്ക് വേറെ കാര്യമായിട്ടുള്ള അറിവൊന്നുമില്ല. കൊച്ചിന്റെ കണ്ണിന്റെ മുകളിൽ ഒരു ചെറിയ പാടുണ്ടായിരുന്നു. ഈ പയ്യൻ ഉപദ്രവിച്ചതാണെന്നാണ് അവർ പറഞ്ഞത്. പക്ഷേ നമുക്ക് വീട്ടുകാർക്ക് അതിനെക്കുറിച്ച് അറിവൊന്നുമില്ല.

കോളജ് അധികൃതർ വന്നു സങ്കടം പറഞ്ഞു പോയതല്ലാതെ അവരുടെ ഭാഗത്തുനിന്ന് യാതൊരു സഹായവും ഉണ്ടായിട്ടില്ല. ധാരാളം മലയാളി കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. ഈ കൊല്ലം 16000 പേരെയാണ് അവർ എടുത്തത്. ഇത്രയും പേർക്ക് താമസിക്കാനുള്ള റൂം ഇല്ല. ബാക്കിയുള്ളവരോടൊക്കെ ഹോസ്റ്റൽ വിട്ട് പുറത്ത് താമസിക്കാനാണ് പറയുന്നത്.

അവിടുത്തെ അന്വേഷണത്തെ കുറിച്ച് അവർ നമ്മളോട് ഒന്നും പ്രത്യേകിച്ച് പറയില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ആ സമയത്ത് അവിടെ ഉണ്ടായിരുന്നതുകൊണ്ട് കുറച്ച് കാര്യങ്ങൾ പറഞ്ഞു. പിന്നെ ഫോട്ടോസ് കൊച്ചിന്റെ കാണിച്ചുതന്നു. വളരെ ക്രൂരമായാണ് ഉപദ്രവിച്ചു കൊന്നതെന്ന് അവർ പ്രത്യേകം എന്നോട് പറയുകയും ചെയ്തു. ഒരു കാരണവശാലും ഇയാൾ രക്ഷപ്പെടരുത്. അതിന ഒരു ചാൻസും കൊടു കൊടുക്കാൻ പാടില്ല എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

മതപരിവർത്തന ശ്രമത്തെ കുറിച്ച് ഒന്നും കാര്യമായിട്ട് അറിയില്ല. നമുക്ക് അവിടെ പരിമിതികളുണ്ട്. അവിടെ പോയിട്ട് നമ്മൾ മൃതദേഹം ഇങ്ങോട്ട് കൊണ്ടുവരാനാണ് പരിശ്രമിച്ചത്. അതിന് തന്നെ ഒരുപാട് പേപ്പർ വർക്ക് ഉണ്ടായിരുന്നു. പരിചയമില്ലാത്ത നാട്ടിൽ അതിന്റെ പിന്നാലെയായിരുന്നു. അവിടത്തെ ഏജൻസി നല്ലതുപോലെ സഹായിച്ചു. രമേശ് ചെന്നിത്തല, വേണുഗോപാൽ എന്നിവരുടെ ഒരുപാട് സഹായം ഉണ്ടായി. ഡൽഹിയിൽ നിന്ന് ഇങ്ങോട്ട് കൊണ്ടുവരാൻ ഒരുപാട് പേർ നമ്മളെ സഹായിച്ചു.

ലാപ്ടോപ്പ് വെച്ച് അടിച്ചു എന്ന് ആരാണ് പറഞത് എന്നറിയില്ല. അതൊരു വ്യക്തമായ കാര്യം ഒന്നുമല്ല. ലാപ്ടോപ്പ് പൊട്ടിയിട്ടുണ്ട്. ആ സമയത്ത് ആരും അവിടെ ഉണ്ടായിരുന്നില്ല. ആരും കണ്ടിട്ടില്ല. അത് കഴിഞ്ഞശേഷമാണ് അവിടെ അടുത്തുള്ള ആരോ കണ്ടിട്ട് ഹെൽപ് ചെയ്തത്. കൊച്ചിനെ ഉപദ്രവിച്ച ശേഷം റൂമിന് അപ്പുറത്തുള്ള ആരോ സഹായിച്ചിട്ടാണ് ആംബുലൻസ് വിളിച്ച് ഹോസ്പിറ്റലിൽ കൊണ്ടുപോയത്. പ്രതി തന്നെയാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്. അവന്റെ കൈ കൊണ്ട് പറ്റിയതാണെന്ന് അവൻ പൊലീസ് കസ്റ്റഡിയിൽ സമ്മതിച്ചിട്ടുണ്ട്. ഇന്നലെ അവനെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതിയുമായി ഞാൻ സംസാരിച്ചിട്ടില്ല. സംസാരിക്കാൻ അവസരം നോക്കിയിരുന്നു. പക്ഷേ പോലീസുകാർ സമ്മതിക്കുന്നില്ല. പൊലീസ് സ്റ്റേഷനിലേക്ക് കയറാനും നമ്മളെ സമ്മതിച്ചില്ല.

ഇങ്ങനെ ഉപദ്രവിക്കുന്ന വിവരം അമ്മയോടോ മറ്റോ ഇതുവരെ പറഞ്ഞിട്ടില്ല. അങ്ങനെയൊന്നും പറഞ്ഞത് ഇതുവരെ കേട്ടിട്ടില്ല. ഇവിടെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ ഇവിടെ നടത്തണമെനാവശ്യ​പ്പെട്ട് എംബസിക്ക് അപേക്ഷ അയച്ചിട്ടുണ്ട്. ബാക്കി എംബസിയും ഗവൺമെന്റുമാണ് എല്ലാം ചെയ്യുന്നത്. മന്ത്രിമാരടക്കം ഇടപെട്ടത് കൊണ്ട് ശരിയായ നടപടി എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്’ -അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *