പത്തനംതിട്ട: ഒൻപതാംക്ലാസ് വിദ്യാർഥിനിയുടെ വ്യാജ പീഡനപരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ മർദിച്ച എസ്.ഐ.യ്ക്ക് സ്ഥലംമാറ്റം. ഈ സംഭവം നടക്കുമ്പോൾ കൂടൽ പോലീസ് സ്‌റ്റേഷന്റെ ചുമതലയിലുണ്ടായിരുന്ന കോന്നി സി.ഐ.യ്‌ക്കെതിരേയും വകുപ്പുതല നടപടിയുണ്ടാകും. വകുപ്പുതല അന്വേഷണത്തിൽ കൂടൽ പോലീസിന് വീഴ്ചപറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്കനടപടി.
കൂടൽ എസ്.ഐ. ജയ്‌മോനെ ജില്ലാ ആസ്ഥാനത്തെ എ.ആർ.ക്യാമ്പിലേക്കാണ് മാറ്റിയത്. വ്യാജപരാതിയിൽ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്ത ഹൃദ്രോഗിയായ 20-കാരനാണ് ക്രൂരമായ പോലീസ് മർദനമേറ്റത്. സ്‌റ്റേഷന് സമീപത്തുള്ള ക്വാർട്ടേഴ്‌സിൽ എത്തിച്ചാണ് മർദിച്ചതെന്ന് യുവാവ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്നു പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്കു യുവാവ് പരാതി നൽകിയതിനെത്തുടർന്ന് പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.ജി. അനീഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം വകുപ്പുതല അന്വേഷണം നടത്തിയത്.

