ദുരൂഹസാഹചര്യത്തിൽ യുവതി തൂങ്ങിമരിച്ച നിലയിൽ, വീടിനുള്ളിലുണ്ടായിരുന്ന ആൺസുഹൃത്ത് കസ്റ്റഡിയിൽ

അടൂർ: ദുരൂഹസാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31)യെയാണ് വീടിനുള്ളിലെ ഹാളിലെ സ്റ്റെയറിന്റെ പടിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ഇവർ. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

തിങ്കളാഴ്‌ച രാത്രി ഏഴിനാണ് സംഭവം. ഷെഹനയുടെ വീട്ടിൽനിന്ന്‌ ബഹളം കേട്ട് അയൽവാസികൾ അടൂർ നഗരസഭ കൗൺസിലർ നശ്മൽ കാവിളയെ വിവരം അറിയിച്ചു. നശ്മൽ വീട്ടിലെത്തി വീടിനുള്ളിൽ ഉണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാൻ ആവശ്യപ്പെട്ടു. കതക് തുറന്നതോടെയാണ് ഷെഹനയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഷെഹനയുടെ ശരീരത്തിൽനിന്നും രക്തം വരുന്നുണ്ടായിരുന്നു. അടൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തിലും രക്തപാടുകൾ ഉണ്ടായിരുന്നു. ചൊവ്വാഴ്ച നടക്കുന്ന ശാസ്ത്രീയ പരിശോധനയ്ക്കും മൃതദേഹപരിശോധനയ്ക്കും ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന് അടൂർ ഡിവൈ.എസ്.പി. വി.എസ്. പ്രദീപ്കുമാർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *