ഹിന്ദു വിദ്യാർത്ഥിയോട് കലിമ മനഃപാഠമാക്കാൻ ആവശ്യപ്പെട്ട സ്കൂൾ അധ്യാപികയെ പുറത്താക്കി
രണ്ടാം ക്ലാസിലെ ഒരു വിദ്യാർത്ഥിയോട് ഹോംവർക്കായി കലിമയും സൂറ അൽ-ഫാത്തിഹയും മനഃപാഠമാക്കാനും ചൊല്ലാനും ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹൈദരാബാദിലെ ഒരു സ്കൂളിലെ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ വാദപ്രതിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.
ഹൈദരാബാദ് സയീദാബാദിലെ ‘സക്‌സസ് സ്കൂളിലാണ്’ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷെയ്ഖ് ആയിഷ പർവീൺ എന്ന അധ്യാപികയാണ് കൊച്ചുകുട്ടികൾക്ക് മതപരമായ കാര്യങ്ങൾ ഹോംവർക്കായി നൽകിയെന്ന ആരോപണം നേരിട്ടത്. വിവാദത്തിന് പിന്നാലെ സ്കൂൾ മാനേജ്‌മെന്റ് ഇവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി.
“സക്‌സസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഭാവിയിൽ ജോലിക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് സ്ഥിരമായി അയോഗ്യത കൽപ്പിച്ചിരിക്കുന്നു,” എന്ന് പിരിച്ചുവിടൽ കത്തിൽ വ്യക്തമാക്കുന്നു.
എന്തുകൊണ്ടാണ് ഇതുവരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാത്തതെന്ന് ചോദ്യം ചെയ്യുകയും സ്കൂൾ പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  ഒരാൾക്കും ഒരു മതവും നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ഹിന്ദു വിദ്യാർത്ഥികൾ എപ്പോഴും ഭയത്തോടെയാണോ പഠിക്കേണ്ടത് എന്നും ബി.ജെ.പി നേതാവ് മാധവി ലത ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭരണഘടന പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇതുപോലെ ഭഗവദ്ഗീത വായിക്കാന്‍ തുടങ്ങിയാല്‍ അവര്‍ മിണ്ടാതിരിക്കുമോയെന്നും മാധവി ലത ചോദിച്ചു.
ഈ സംഭവം രാഷ്ട്രീയ തലത്തിലും പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്. തെലങ്കാനയിലെ “വിദ്യാഭ്യാസ ജിഹാദിന്റെ” പ്രതിഫലനമാണ് ഈ സംഭവമെന്ന് ബിജെപി നേതാവ് എൻ രാമചന്ദർ റാവു ആരോപിച്ചു. ഇതിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവും ഉന്നയിച്ചു.
കുട്ടിയുടെ ഡയറിയിലെ ഹോംവർക്ക് ഒരു ബന്ധു ശ്രദ്ധിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതേക്കുറിച്ച് കുട്ടിയുടെ ബന്ധുവായ സുപ്രിയ ഗൗഡ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞത് ഇങ്ങനെ:
“കഴിഞ്ഞ ദിവസം എന്റെ അനന്തരവനെ കൂട്ടിക്കൊണ്ടുവരാൻ ഞാൻ സ്കൂളിൽ പോയപ്പോഴാണ് ഡയറിയിലെ വിവരങ്ങൾ ശ്രദ്ധിച്ചത്. അത് അവരുടെ പഠനവിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നായിരുന്നു. കലിമയും സൂറയും വായിക്കാൻ ഒരു അധ്യാപിക ഡയറിയിൽ എഴുതിയിരിക്കുന്നത് ഞാൻ കണ്ടു. ഇത് തികച്ചും തെറ്റായ കാര്യമാണ്. നിങ്ങൾ വിദ്യാഭ്യാസം നൽകുകയാണെങ്കിൽ അത് മാത്രം ചെയ്യുക. പല മതങ്ങളിലും പശ്ചാത്തലങ്ങളിലുമുള്ള കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. അവർ വരുന്നത് നല്ല വിദ്യാഭ്യാസത്തിനാണ്. കലിമയും സൂറയും സിലബസിന്റെ ഭാഗമല്ല, അത് മതഗ്രന്ഥമാണ്. അവ രണ്ടും കൂട്ടിക്കുഴയ്ക്കരുത്. ഇനി ഇതൊരു വിഷയമാക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഭഗവദ്ഗീതയും ബൈബിളുമെല്ലാം വിഷയങ്ങളായി ഉൾപ്പെടുത്തണം. ഈ വിഷയത്തിൽ കർശന നടപടിയെടുത്ത സ്കൂൾ മാനേജ്‌മെന്റിനോട് ഞാൻ നന്ദി പറയുന്നു. ഞങ്ങൾ ഇത് കണ്ട് ശബ്ദമുയർത്തി. ഇനി എത്ര കുട്ടികളുടെ ഡയറിയിൽ ഇങ്ങനെ എഴുതിയിട്ടുണ്ടെന്ന് എനിക്കറിയില്ല…”

Leave a Reply

Your email address will not be published. Required fields are marked *