കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്തി നരേന്ദ്ര മോദിയും ഒരേ തൂവല്‍പക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ട് പേരും ഏകാധിപതികളെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫ് കണ്‍വെന്‍ഷനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ചെന്നിത്തല.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ചുമതല കൈമാറാതെ വിദേശത്തു ചികിത്സയ്ക്ക് പോകുന്നത്. ഇത്ര നീണ്ടകാലം മന്ത്രിസഭായോഗം ചേരാതിരുന്നതും ആദ്യമാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് പ്രളയം ഉണ്ടായത് സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടാണ്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലന്‍ഡ് ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സിയായ കെ.പി.എം.ജിയെ ചുമതലപ്പെടുത്തിയത് എന്തിനാണ് മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ തീരുമാനം കൈക്കൊണ്ടതിനുള്ള ചര്‍ച്ച നടന്നത് എവിടെയാണ്. പാര്‍ട്ടിയിലും വീട്ടിലും തന്നിഷ്ടം കാണിക്കുന്നതു പോലെയല്ല ഭരണം. അതിന് ചട്ടവും വ്യവസ്ഥയും ഉണ്ട്. അത് മുഖ്യമന്ത്രി പാലിക്കണം. അവ പാലിക്കണമെന്നും പ്രതിപക്ഷനേതാവ് തുറന്നടിച്ചു. പ്രളയ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപ പോലും പലര്‍ക്കും കിട്ടിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഷ്ടപരിഹാരം നല്‍കുന്നതിനായി ട്രൈബ്യുണല്‍ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *