കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി ഡോ. റാം പിടിയിൽ. കുടകിൽനിന്നാണ് ഇയാളെ പിടികൂടിയത്. റാമിനെ കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചു. ആന്ധ്രപ്രദേശിൽ വിവിധയിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്ന റാം ഒടുവിൽ കർണാടകയിലേക്കു കടക്കുകയായിരുന്നു. കുടകിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണു പിടിയിലായതെന്നാണു വിവരം.
മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിയതോടെയാണ് റാമിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഊർജിതമാക്കിയത്. ജൂൺ 19 ന് ഹൈക്കോടതി റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രപ്രദേശിലെത്തി അറസ്റ്റിനുള്ള നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് റാം സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ രണ്ട് ഉദ്യോഗസ്ഥർ ആന്ധ്രപ്രദേശിൽ തുടരുകയും ബാക്കിയുള്ളവർ തിരികെ പോരുകയും ചെയ്തു. സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ചൊവ്വാഴ്ച രണ്ട് ഉദ്യോഗസ്ഥർ കൂടി ആന്ധ്രയിലെത്തി. റാം ഫോൺ ഉപയോഗിക്കാത്തതാണ് അന്വേഷണ സംഘത്തിനു വലിയ വെല്ലുവിളിയായത്. ഗ്രാമപ്രദേശങ്ങളിൽ അപരിചിതരായ ആളുകളെ കാണുമ്പോൾ തന്നെ റാമിനു വിവരം ലഭിക്കുകയും അവിടെനിന്നു രക്ഷപ്പെടുകയുമാണ് ഇയാൾ ചെയ്തിരുന്നത്. റാമിന്റെ സഹോദരൻ ടിഡിപി പ്രാദേശിക നേതാവാണ്. ആദ്യഘട്ടത്തിൽ ഇയാളുടെ സഹായം റാമിനു ലഭിച്ചിരുന്നു.
തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തുവീട്ടിൽ വൈ. രാജൻ–സി.ആർ. ലത ദമ്പതികളുടെ മകൻ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിൽനിന്നു ചാടി ആത്മഹത്യ ചെയ്തത്. ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ നടത്തിയ ജാതി അധിക്ഷേപത്തെത്തുടർന്നാണ് ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട പണമിടപാടാണ് ആത്മഹത്യയ്ക്കു പെട്ടെന്നുള്ള പ്രേരണയായതെന്നാണ് ആദ്യം കേസന്വേഷിച്ച പൊലീസ് കണ്ടെത്തിയത്. ലോൺ ആപ്പുമായി ബന്ധപ്പെട്ടു നാലുപേരെ നോയിഡയിൽനിന്ന് അറസ്റ്റ് ചെയ്തു. ഡോ. സംഗീത നമ്പ്യാർക്കു മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

