നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല്‍ വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നാണ് പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിക്കുന്നത്. കൊലപാതകം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സാക്ഷിവിസ്താരത്തിനും, വിശദമായ വാദത്തിനും ശേഷം ഇരട്ട കൊലപാതക കേസില്‍ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കാന്‍ ഒരുങ്ങുമ്പോഴും, ബോയന്‍ നഗറിലെ മനസ്സുകളില്‍ ചെന്താമര ഉണ്ടാക്കിയ ഭയം കുറഞ്ഞിട്ടില്ല. പ്രതി ചെന്താമരയ്ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പോത്തുണ്ടി ബോയന്‍ നഗറിലെ കുടുംബങ്ങളുടെ ആവശ്യം. ചെന്താമരയോട് നീതിപീഠം ദയ കാണിക്കരുതെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. ചെന്താമരയെ പേടിച്ച് നിരവധി കുടുംബങ്ങള്‍ ജനിച്ച നാടും വീടും വിട്ട് ഇതര സ്ഥലങ്ങളിലേയ്ക്ക് താമസം മാറി.

വിധി പ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിയിരുന്നു. വേണ്ടി വന്നാല്‍ താന്‍ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു. തടസ്സം നിന്നാല്‍ ഇങ്ങനെ ആയിരിക്കും തന്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയ്ക്ക് മാനസിക പ്രശ്‌നം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോള്‍ തനിക്ക് പ്രശ്‌നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *