തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച വിവാദ ഫീച്ചർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ. കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ. എന്ന തലക്കെട്ടോടെയാണ് ലേഖനം. തലക്കെട്ടിൽ വന്ന ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്താണ് ടി.സി. രാജേഷ് ലേഖനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ദേശാഭിമാനിയുടെ ഞായറാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന വാരാന്തപ്പതിപ്പിലായിരുന്നു വിവാദ ഫീച്ചർ. ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന പേരിൽ വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള കെ.വി. സുധാകരന്റെ ഓർമ്മക്കുറിപ്പായിരുന്നു കവർ സ്റ്റോറി. ടി.സി. രാജേഷ് തയാറാക്കിയ ‘കള്ളൻവിജയൻ, ധന്യനാടകഗ്രാമം, മുത്തത്തിപ്പാറ പി.ഒ’ എന്ന ഫീച്ചർ അവസാന പേജിലുമായിരുന്നു. വി.എസിന്റെ ഓർമ്മക്കുറിപ്പും ‘കള്ളൻവിജയൻ’ എന്ന ഫീച്ചറും ഒരു വാരാന്തപ്പതിപ്പിൽ വരുന്നത് തെറ്റായ വ്യാഖ്യാനത്തിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടിയും വിതരണവും നിർത്തിയത്. വാരാന്തപ്പതിപ്പ് നിർത്തിയതുസംബന്ധിച്ചുള്ള വാർത്ത മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയതിനെക്കുറിച്ച് ചുമതലക്കാരനായ ന്യൂസ് എഡിറ്റർ കെ.ആർ. അജയന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കള്ളൻ വിജയൻ എന്ന തലക്കെട്ട് മാറ്റാത്തതിനാണ് നോട്ടീസ് നൽകിയത്. കൂടാതെ, വിഷയം മാധ്യമങ്ങളെ അറിയിച്ചതിലും വിശദീകരണം നൽകണം. നാല് മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം.
വാരാന്തപ്പതിപ്പ് ദേശാഭിമാനി ഞായറാഴ് വിതരണം ചെയ്തിരുന്നില്ല. പിന്നീട് ‘കള്ളൻ വിജയൻ’ എന്ന നാടകനിരൂപണം ഒഴിവാക്കി, വി.എസിന്റെ ഓർമക്കുറിപ്പ് മാത്രമടങ്ങുന്ന വാരാന്തപ്പതിപ്പാണ് തിങ്കളാഴ്ച ദേശാഭിമാനി പുറത്തിറക്കിയത്. വാരാന്തപ്പതിപ്പിന്റെ വിതരണം മുടങ്ങിയത് വലിയ വിവാദമായിരുന്നു. വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികം 21-നാണെന്നിരിക്കെ, അതിനു മുന്നോടിയായി പ്രസിദ്ധീകരിക്കാനിരുന്ന ഓർമക്കുറിപ്പടങ്ങിയ വാരാന്തപ്പതിപ്പ് പാർട്ടി മുഖപത്രം വിതരണം ചെയ്യാതിരുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കി. ഇതിനു പിന്നാലെയാണ് പാർട്ടി ന്യൂസ് എഡിറ്ററിൽ നിന്ന് വിശദീകരണം തേടിയത്.
വാരാന്തപ്പതിപ്പ് പൂർണമായി അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്ന് മാനേജ്‌മെന്റ് അവസാന നിമിഷം തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്ന് പത്രത്തിൽ അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ദേശാഭിമാനിയിൽ വാരാന്തപ്പതിപ്പ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നതെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ പ്രതികരണം. ‘നമ്മളോടൊപ്പം ഇല്ലാത്ത വി.എസിനെ അടിസ്ഥാനമില്ലാത്ത കാര്യങ്ങളിൽ വലിച്ചിഴക്കരുത്. 21-ലെ പത്രത്തിൽ വി.എസിനെ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക പേജ് തന്നെ ഉണ്ടാകും’ എന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റർ കൂടിയായ സ്വരാജ് വ്യക്തമാക്കിയിരുന്നു.

