തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് പ്രശാന്തിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. ഉടന്‍ പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
കേസില്‍ പ്രശാന്തിനെ ഇതുവരെ പ്രതി ചേര്‍ത്തിരുന്നില്ല. എന്നാല്‍ പ്രശാന്തിനെ പ്രതി ചേര്‍ക്കുമെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു. 2025 ലും ശബരിമലയിലെ ദ്വാരപാലക പാളികള്‍ സന്നിധാനത്തു നിന്നും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുപോയി സ്വര്‍ണം പൂശി തിരികെ സ്ഥാപിച്ചതായി കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പി എസ് പ്രശാന്തിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. 2019 ല്‍ നടന്ന സ്വര്‍ണക്കൊള്ള മറയ്ക്കുന്നതിനു വേണ്ടിയുള്ള ശ്രമമായിരുന്നു 2025ലെ വീണ്ടും സ്വര്‍ണം പൂശലെന്നാണ് എസ്‌ഐടി പറയുന്നത്. ഇതില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ തുടങ്ങിയവരുടെ ഗൂഢാലോചനയുണ്ടെന്നുമാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍.

