ഹരിതകർമസേനയോട് ഈ ക്രൂരതയോ? പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം പാമ്പിനെ ചാക്കിൽക്കെട്ടി നൽകി! തലനാരിഴയ്ക്ക് രക്ഷപ്പെടൽ,സംഭവം കൊയിലാണ്ടിയിൽ

കൊയിലാണ്ടി: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനെത്തിയ ഹരിതകർമ സേനാംഗങ്ങളെ ഞെട്ടിച്ച് ദുരനുഭവം. ചാക്കിൽ കെട്ടി നൽകിയ മാലിന്യങ്ങൾക്കിടയിൽ ജീവനുള്ള പാമ്പിനെ കണ്ടെത്തി. കൊയിലാണ്ടിയിലാണ് മനുഷ്യത്വഹീനവും ജീവനക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്നതുമായ ഈ സംഭവം നടന്നത്.

വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിനിടയിലാണ് ഹരിതകർമ സേനാംഗങ്ങൾക്ക് ഇത്തരം ഒരു അനുഭവമുണ്ടായത്.

കൊയിലാണ്ടിയിൽ ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യത്തിനൊപ്പം പെരുമ്പാമ്പ്. നഗരസഭയിലെ 20-ാം വാർഡിലാണ് സംഭവം. ഹരിതകർമ സേനാംഗം ചാക്കഴിച്ചപ്പോൾ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. സംഭവത്തിൽ നഗരസഭാ സെക്രട്ടറിക്ക് ഹരിതകർമ സേനാംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്.

പെരുമ്പാമ്പിനെ ഒരു ചാക്കിലാക്കി കമ്പികൊണ്ട് കെട്ടിയശേഷം മാലിന്യം നിറച്ച മറ്റൊരു ചാക്കിലാക്കി കെട്ടിവയ്‌ക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച ശേഖരിച്ച ചാക്കിലാണ് പാമ്പുണ്ടായിരുന്നത്. പാമ്പുണ്ടെന്ന വിവരം അറിയാതെ ഹരിതകർമ സേനാംഗങ്ങൾ ഈ ചാക്കിനെ മുത്താമ്പിയിലുള്ള ബിന്നിൽ കൊണ്ടിട്ടു. ഇന്ന് രാവിലെ കാലിച്ചാക്കാണെന്ന് കരുതി കെട്ടഴിച്ചപ്പോഴാണ് പാമ്പ് പുറത്തേക്ക് ചാടിയത്.

വിഷമില്ലാത്ത പാമ്പായതിനാൽ ഇവർ രക്ഷപ്പെട്ടു. ഇത്രയും വലിയ ക്രൂരത ആരും ചെയ്യരുതെന്നാണ് ഹരിതകർമ സേനാംഗങ്ങൾ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങുകയാണ് കൊയിലാണ്ടി നഗരസഭ.

Leave a Reply

Your email address will not be published. Required fields are marked *