കൈക്കൂലി കേസ്: മുൻ വില്ലേജ് അസിസ്റ്റന്റിന് നാലുവർഷം കഠിന തടവും ലക്ഷം രൂപ പിഴയും

കോഴിക്കോട്: സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ മലപ്പുറം കോഡൂർ മുൻ വില്ലേജ് അസിസ്റ്റന്റിന് നാലു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. ആലപ്പുഴ അരൂർ സ്വദേശിയായ എ.ബി. അനിൽ കുമാർ (58) നെതിരെയാണ് കോഴിക്കോട് വിജി‌ലൻസ് കോടതി ശിക്ഷി വിധിച്ചത്.

മലപ്പുറം കോഡൂർ സ്വദേശിയായ പരാതിക്കാരൻ പിതാവിന്റെ ഉടമസ്ഥതയിൽ കോഡൂരിൽ ഉണ്ടായിരുന്ന ഏഴു സർവേ നമ്പറുകളിലായുള്ള അഞ്ചേക്കർ ഭൂമിയുടെ ആർ.ഒ.ആർ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി 2018 ൽ കോഡൂർ വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. വില്ലേജ് അസിസ്റ്റൻറ് ആയിരുന്ന എ.ബി. അനിൽ കുമാർ സ്ഥലം വന്ന് കാണുകയും ഭൂമിയുടെ സർട്ടിഫിക്കറ്റുകൾ അനുവദിക്കാൻ 15000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും മുൻകൂറായി 10,000 രൂപ പരാതിക്കാരനിൽ നിന്ന് കൈപ്പറ്റുകയും ചെയ്തു.

അതിനുശേഷം അനിൽ കുമാർ കോഡൂർ വില്ലേജ് ഓഫിസിൽ രാത്രി അനധികൃതമായി പ്രവേശിച്ച്, വില്ലേജ് ഓഫിസറുടെ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റ് വഴി നിയമവിരുദ്ധമായി സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുകയും, കോവൂർ വില്ലേജ് ഓഫിസിന്റെയും വില്ലേജ് ഓഫിസറുടെയും ഔദ്യോഗിക സീൽ പതിച്ച്, വ്യാജ ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് അനിൽ കുമാർ സ്വന്തം വസതിയിൽ പരാതിക്കാരന് സർട്ടിഫിക്കറ്റുകൾ നൽകി കൈക്കൂലി തുകയുടെ ബാക്കി 5,000 രൂപ കൈപ്പറ്റുന്നതിനിടെ മലപ്പുറം വിജിലൻസ് യൂനിറ്റ് കൈയോടെ പിടികൂടുകയായിരുന്നു. കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജി ഷിബു തോമസ് ആണ് വിധി പുറപ്പെടുവിച്ചത്.

മലപ്പുറം വിജിലൻസ് യൂനിറ്റിലെ മുൻ ഡി.വൈ.എസ്.പിമാരായ എ. രാമചന്ദ്രൻ, ഹിറോസ് എം. ഷഫീൽ, മുൻ പൊലീസ് ഇൻസ്പെക്ടർമാരായ എം. ഗംഗാധരൻ, റഫീൽ, സി. യൂസുഫ് എന്നിവരാണ് അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അരുൺനാഥ് ഹാജരായി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.

Leave a Reply

Your email address will not be published. Required fields are marked *