പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പരിക്ക്

കോഴിക്കോട്: കക്കട്ടിൽ കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പരിക്ക്. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനി വൈഗയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. നാദാപുരം ടി.ഐ.എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ വൈഗ, പ്രിയദർശിനി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ സ്റ്റെപ്പിൽ നിന്നിരുന്ന വിദ്യാർത്ഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

അപകടത്തിൽ തലയ്ക്കും കൈയ്ക്കും പരിക്കേറ്റ വൈഗയെ സമീപത്തെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സ തുടരുകയാണ്. സംഭവസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. തിരക്ക് കാരണം ബസിന്റെ വാതിൽ പൂർണമായി അടയ്ക്കാൻ സാധിച്ചിരുന്നില്ലെന്നും, യാത്രയ്ക്കിടെ വാതിൽ തുറന്ന നിലയിലായിരുന്നതിനാലാണ് വിദ്യാർത്ഥിനി പുറത്തേക്ക് വീണതെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

സംഭവത്തെ തുടർന്ന് അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കെഎസ്ആർടിസി കൂടുതൽ ജാഗ്രത പാലിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *