ന്യൂഡൽഹി: ജന്തർമന്ദറിൽ നടന്ന പ്രതിഷേധത്തിനിടയിൽ തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും അസഭ്യം പറഞ്ഞ വിദ്യാർത്ഥികളോട് കരുണ കാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം നേർവഴിക്ക് നയിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ വീഡിയോയിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
രാജ്യത്തും വിദേശത്തുമായി നിരവധി പേർ ഈ സംഭവം കണ്ടിട്ടുണ്ടെന്നും ഉപയോഗിച്ച ഭാഷ അപലപനീയമാണെന്നും മോദി പറഞ്ഞു. ‘എന്നെയും എന്റെ അമ്മയെയും പോലും അധിക്ഷേപിച്ചു. അത് തീർത്തും മോശമായ കാഴ്ചയായിരുന്നു,’ അദ്ദേഹം വ്യക്തമാക്കി. അസഭ്യം പറഞ്ഞ വിദ്യാർത്ഥികൾക്ക് ശിക്ഷ ഒഴിവാക്കി കരുണ കാണിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കുട്ടികൾ തെറ്റുകളിൽ നിന്ന് പഠിക്കേണ്ട പ്രായമാണിത്, കുട്ടികൾ വഴിതെറ്റിയവരാണെങ്കിൽ അവരെ നേർവഴിക്ക് നയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഭവത്തിൽ ഒരുപാട് പേർക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കിലും സമൂഹം കോപത്തിന് അടിപ്പെടരുതെന്നും സംയമനം പാലിക്കണമെന്നും മോദി അഭ്യർത്ഥിച്ചു.

