കനത്ത മഴ: ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ: ഒരു മരണം, എട്ട് ജില്ലകളിൽ‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൽപൊട്ടൽ. തൊടുപുഴയ്ക്ക് സമീപം രണ്ടിടത്ത് ഉരുൾപൊട്ടി. മുട്ടം ചള്ളാവയലിലും അടൂർ മലയിലും ഉരുൾപൊട്ടിയെന്നാണ് പ്രാഥമിക വിവരം.പൂഞ്ഞാർ പയ്യനിത്തോട്ടത്തിലും പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടലുണ്ടായി. കൊട്ടാരക്കര- ദിണ്ടുഗൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗത സ്തംഭിച്ചു.

ഇടുക്കിയില്‍ കുടയത്തൂര്‍ അടൂര്‍മലയില്‍ ഉരുള്‍പൊട്ടി. ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരുവീട് പൂര്‍ണമായും മണ്ണിനടിയിലായി. രണ്ടുപേരെ രക്ഷപ്പെടുത്തി. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി.

ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളില്‍ മണ്ണിടിഞ്ഞുവീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരുക്കില്ല. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത്‌ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. ഒരാൾ കുടുങ്ങി കിടക്കുന്നു. വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്. ഈരാറ്റുപേട്ട– വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസവും ഉണ്ടായി. കെ.കെ.റോഡിൽ വെള്ളം കയറി.

കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ശക്തമായ മഴ. മൂന്നിലവിൽ ഉരുൾ പൊട്ടി. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിന്‍റെ വീട് പൂർണമായും ഒലിച്ച് പോയി. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിലും നേരിയ ഉരുള്‍പൊട്ടലുകൾ ഉണ്ടായി. ആറു കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട് മണ്ണിനടിയിലായി. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിലും ഉരുൾപൊട്ടി. കൂട്ടിക്കൽ ടൗണിൽ വെള്ളം കയറി. മുണ്ടക്കയം കോസ്‌വെ വെള്ളത്തിലായി. ഈരാറ്റുപേട്ട ടൗണും വെള്ളത്തിലായി. നടക്കൽ, മുരിക്കോരി ഭാഗങ്ങളിൽ വെള്ളം കയറി.

സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അവധി.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വയനാട് ജില്ലയിലെ അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചത്. റസിഡൻഷ്യൽ സ്‌കൂളുകൾക്കും, റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും ശനിയാഴ്ചയ്ക്ക് ശേഷം പുതിയ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *