തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. അടുത്ത മൂന്നു മണിക്കൂര്‍ നേരത്തേക്കാണ് മുന്നറിയിപ്പ്. പുലർച്ചെ 7 ജില്ലകളിലായിരുന്നു ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നത്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. സംസ്ഥാനത്തെ ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ളവരുടെ യോഗമാണ് വിളിച്ചത്. രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും യോഗത്തില്‍ സംബന്ധിക്കും.
അതിശക്ത മഴയുടെ സാഹചര്യത്തില്‍ മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

